ബെംഗളൂരു: രാജ്യത്തെ സാങ്കേതിക നഗരമെന്നാണ് ബെംഗളൂരുവിനെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്‍ ചിലതിന്റെ അഭാവം ഇപ്പോഴും പ്രകടമാണ്.കഴിഞ്ഞ കാലങ്ങള്‍ക്ക് ഇടയില്‍ കാര്യമായ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പുതിയവ കൂട്ടിച്ചേർക്കുകയും ഒക്കെ ചെയ്തിട്ടും ഇപ്പോഴും ഗതാഗത കുരുക്ക് എന്ന പ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്.ഇപ്പോഴിതാ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിനായുള്ള ടെൻഡറുകള്‍ ക്ഷണിച്ചത് അടുത്തിടെയാണ്. അടിസ്ഥാന സൗകര്യ വികസനം അതിവേഗം നടക്കുന്ന സാഹചര്യത്തില്‍ റോഡുകളിലെ തിരക്കൊഴിവാക്കുന്നതില് ഈ പുതിയ പാത നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യഘട്ടത്തിന്റെ വിവരങ്ങള്തുമകുരു റോഡിലെ ബിഐഇസിക്ക് സമീപമുള്ള മാടവാറ മുതല്‍ വിമാനത്താവളത്തിനടുത്തുള്ള ബല്ലാരി റോഡ് വരെയുള്ള 19.8 കിലോമീറ്റർ എട്ടുവരിപ്പാതയുടെ നിർമ്മാണം ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഈ പാക്കേജിന്റെ ഏകദേശ ചെലവ് 3348.05 കോടി രൂപയായി കണക്കാക്കുന്നു. ബെംഗളൂരുവിലുടനീളം യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും യാത്രാ സമയം ഗണ്യമായി കുറയ്ക്കാനുമുള്ള വലിയൊരു ശ്രമത്തിന്റെ ഭാഗമാണ് ഈ ഇടനാഴിയെന്ന് അധികൃതർ അറിയിച്ചു.ബെംഗളൂരു മിറർ റിപ്പോർട്ട് പ്രകാരം, ഡിസൈൻ, ബില്‍ഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ബിഡിഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വ്യവസ്ഥകള്‍ക്ക് കീഴില്‍, തിരഞ്ഞെടുക്കപ്പെട്ട കരാറുകാർക്ക് റോഡിന്റെ നിർമ്മാണത്തിനു പുറമെ, പൂർത്തീകരണത്തിന് ശേഷം 10 വർഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പും പരിപാലനവും കൂടി ചുമതലയുണ്ടാകും.ബിബിസി എപ്പോള്‍ പൂർത്തിയാവും?പ്രവൃത്തികള്‍ പൂർത്തിയാക്കാൻ 36 മാസമാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ടെൻഡർ നടപടികള്‍ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
താത്പര്യമുള്ള ബിഡർമാർക്ക് ഏപ്രില്‍ 15 വരെ സംശയ നിവാരണത്തിന് അവസരമുണ്ട്. അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 4 ആണ്. സാങ്കേതിക ബിഡുകള്‍ മെയ് 6-നും സാമ്ബത്തിക ബിഡുകള്‍ മെയ് 11-നും തുറക്കും.കോറിഡോറിന്റെ ആദ്യഘട്ടത്തിന് മൊത്തം 73.4 കിലോമീറ്റർ ദൈർഘ്യമുണ്ടെന്നും ഇത് മൂന്ന് പാക്കേജുകളായി തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. അതില്‍ പാക്കേജ് 1 (തുമകുരു റോഡ് മുതല്‍ ബല്ലാരി റോഡ് വരെ) ഇപ്പോള്‍ ടെൻഡർ ക്ഷണിച്ചു. പാക്കേജ് 2-ല്‍ ബല്ലാരി റോഡ് മുതല്‍ ഓള്‍ഡ് മദ്രാസ് റോഡ് വരെയുള്ള 18 കിലോമീറ്ററും, പാക്കേജ് 3-ല്‍ ഓള്‍ഡ് മദ്രാസ് റോഡ് മുതല്‍ ഹൊസൂർ റോഡ് വരെയുള്ള 27.75 കിലോമീറ്ററും ഉള്‍പ്പെടുന്നു.പദ്ധതിയുടെ മറ്റ് വിശദാംശങ്ങള്പദ്ധതിക്ക് ഏകദേശം 2557 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്, അതില്‍ തന്നെ ഇതിനോടകം 2810 ഏക്കറിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതായാണ് വിവരം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി ഹർജികള്‍ നിലവില്‍ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. പദ്ധതിയുടെ നടപ്പാക്കല്‍ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ ഉണ്ടാവൂ എന്നതാണ് നിലവിലെ സ്ഥിതി. എങ്കിലും എത്രയും വേഗത്തില്‍ തടസങ്ങള്‍ മറികടന്ന് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം.