ബെംഗളൂരു : ബെംഗളൂരു നഗരത്തില്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചതു ബുള്‍ഡോസര്‍ രാജെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ ബെംഗളുരു നഗരത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് എ.ഐ.സി.സി വിശദീകരണം തേടി. കേരള മുഖ്യമന്ത്രി കര്‍ണാടകയുടെ കാര്യങ്ങളില്‍ തലയിടേണ്ടെന്നും അര്‍ഹതപെട്ടവര്‍ക്കെല്ലാം വീടുനല്‍കുമെന്നും ഡി.കെ. ശിവകുമാര്‍ പിണറായി വിജയന്റെ സമൂഹമാധ്യമ പോസ്റ്റിനോടു പ്രതികരിച്ചു.യലഹങ്ക വസീംലേഔട്ടിലെ ഫക്കീര്‍ കോളനിയും സമീപ പ്രദേശങ്ങളും കഴിഞ്ഞ പതിനെട്ടിനു പുലര്‍ച്ചെയാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഒഴിപ്പിച്ചത്.മാലിന്യസംസ്കരണത്തിനായി നീക്കിവച്ച പാറക്വാറി കയ്യേറിയതാണന്നായിരുന്നു വാദം.കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങളുണ്ടായില്ലെങ്കിലും ഒരാഴ്ചക്കുശേഷം കേരളത്തിലെ സമൂഹമാധ്യമങ്ങളില്‍ വിഷയം കത്തി.
മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനമുയര്‍ത്തി. ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റ് എ.എ.റഹീം എം.പിയും സംഘവും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. എന്നാല്‍ കേരളം കര്‍ണാടകയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപടുന്നുവെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കുറ്റപെടുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്നതില്‍ അപകടം മണത്ത കോണ്‍ഗ്രസ് ദേശീയ നേതൃത്വം കര്‍ണാടക മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും വിശദീകരണം തേടി.ഇതോടെ കുടിയൊഴിപ്പിച്ചവരെ സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചു. ഫാറ്റ് സമുച്ചയത്തിന് സ്ഥലം കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.