ബെംഗളുരു: കാണാതായ മകനെ കണ്ടെത്താൻ സഹായിക്കണമെന്ന മാതാപിതാക്കളുടെ അഭ്യർഥന സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കുട്ടിയെ കണ്ടെത്താനായി.
മൂന്നുദിവസം മുൻപ് ബെംഗളുരുവിൻ നിന്നും കാണാതായ 12-കാരനെയാണ് ഹൈദരാബാദില്‍ കണ്ടെത്തിയത്. ഗുഞ്ചൂർ ഡീൻസ് അക്കാഡമിയിലെ ആറാംക്ലാസ് വിദ്യാർഥി പരിണവിനെ ഹൈദരാബാദിലെ മെട്രോ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്.
സുകേഷ്-നിവേദിത ദമ്ബതിമാരുടെ മകനായ പരിണവിനെ ഞായറാഴ്ച ഉച്ചയോടെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ അച്ഛനാണ് കുട്ടിയെ വൈറ്റ് ഫീല്‍ഡിലെ ട്യൂഷൻ ക്ലാസില്‍ കൊണ്ടുവിട്ടത്. ഉച്ചയ്ക്ക് ശേഷം സുകേഷ് മകനെ കൂട്ടാനെത്തിയെങ്കിലും അതിന് മുൻപേ കുട്ടി ട്യൂഷൻ സെന്ററില്‍നിന്ന് പോയിരുന്നു. എന്നാല്‍, കുട്ടി വീട്ടിലെത്തിയില്ല. ഇതോടെയാണ് മാതാപിതാക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. തുടർന്ന് പോലീസിലും പരാതി നല്‍കി.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കുണ്ഡലഹള്ളി ഗേറ്റിനും മാറത്തഹള്ളി പാലത്തിനും ഇടയില്‍ കാവേരി ആശുപത്രിയുടെ സി.സി.ടി.വി. യില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ട്. 3.04-ന് മാറത്തഹള്ളിയില്‍നിന്ന് ബി.എം.ടി.സി. ബസില്‍ കയറിയതായും മാറത്തഹള്ളി മാർക്കറ്റില്‍ ഇറങ്ങിയതായും അറിയാൻ കഴിഞ്ഞു. 3.11-ന് യെംലൂരിന് സമീപം പെട്രോള്‍ പമ്ബിന് സമീപത്തുകൂടി നടക്കുന്നതിന്റെ ദൃശ്യവും ലഭിച്ചു. വൈകീട്ട് ബെംഗളുരു മജസ്റ്റിക് ബസ് ടെർമിനലില്‍ നിന്നും ബസ് കയറുമ്ബോഴാണ് കുട്ടിയെ അവസാനമായി കണ്ടത്.
കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കുട്ടി റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ചുക്കൊണ്ട് കുട്ടിയെ കണ്ടെത്താൻ
സഹായിക്കണമെന്ന മാതാപിതാക്കളുടെ പോസ്റ്റ് ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.
ചില ആളുകള്‍ കുട്ടിയെ കണ്ട സ്ഥലങ്ങളില്‍ പോയി നേരിട്ട് അന്വേഷിച്ചപ്പോള്‍ നിരവധിയാളുകള്‍ പോസ്ററ് വ്യാപകമായി പങ്കുവെച്ചു. ഒടുവില്‍ ഹൈദരാബാദ് സന്ദർശിക്കാനെത്തിയ ബെംഗളുരു സ്വദേശിയാണ് കുട്ടിയെ മെട്രോ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. വിവരം അറിഞ്ഞ മാതാപിതാക്കള്‍ ഹൈദരാബാദിലേക്ക് തിരിച്ചു.