ബെംഗളൂരു: തമിഴ്നാടുമായുള്ള കാവേരി നദീജല പ്രശ്നത്തെ തുടര്‍ന്ന് വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് ചൊവ്വാഴ്ച. സ്കൂളുകളും പൊതുഗതാതഗ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്ന ബന്ദിന് നിരവധി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദ് ജനജീവിതത്തെയും ഐ.ടി കമ്ബനികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. കെഎസ്ആര്‍ടിസി, ബിഎംടിസി ബസ് സര്‍വീസുകളടക്കം തടസപ്പെടും. ഓട്ടോ – ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകളും ഒല, യൂബര്‍ ഡ്രൈവര്‍മാരുടെയും ഉടമകളുടെയും സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നമ്മ മെട്രോ തീവണ്ടികള്‍ ഓടുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് അറിയിച്ചിട്ടുള്ളത്.
അവശ്യ സര്‍വീസുകളില്‍പ്പെടുന്ന ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ഫാര്‍മസികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കും. സിനിമ തീയേറ്ററുകളും അടഞ്ഞുകിടക്കുമെന്നാണ് വിവരം. എന്നാല്‍, അവശ്യ സര്‍വീസില്‍പ്പെടുന്ന റസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കുമെന്നാണ് സൂചന.
കര്‍ണാടക ജല സംരക്ഷണ സമിതി, കരിമ്ബ് ഉല്‍പ്പാദകരുടെ അസോസിയേഷൻ എന്നിവയ്ക്കൊപ്പം 150 കന്നഡ അനുകൂല സംഘടനകളും ബാംഗ്ലൂര്‍ ബന്ദിനെ പിന്തുണയ്ക്കുന്നു. ബന്ദിന്റെ ഭാഗമായി ചൊവ്വാഴ്ച 11.00 മണിക്ക് ബാംഗ്ലൂര്‍ ടൗണ്‍ ഹാളില്‍ നിന്ന് മൈസൂര്‍ ബാങ്ക് സര്‍ക്കിളിലേക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്.
കര്‍ണ്ണാടകയും തമിഴ്നാടും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാവേരി നദിജല തര്‍ക്കമാണ് ബാംഗ്ലൂര്‍ ബന്ദിലേക്ക് നയിച്ചിരിക്കുന്നത്. കാവേരി നദിയില്‍ നിന്നുള്ള 5000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്കാൻ കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ബാംഗ്ലൂര്‍ ബന്ദ് നടക്കുന്നത്. സെപ്റ്റംബര്‍ 13 മുതല്‍ 15 ദിവസത്തേക്ക് ആണ് വെള്ളം നല്കുവാൻ ഉത്തരവിട്ടിരിക്കുന്നത്.
തമിഴ്നാട്ടില്‍ എ ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യം വേര്‍പെട്ടു
ചെന്നൈ: തമിഴ്നാട്ടില്‍ എ ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഐകകണ്ഠ്യേന പ്രമേയം പാസാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി സംസ്ഥാന നേതൃത്വം ഐ.എ.ഡി.എം.കെ മുന്‍ നേതാക്കളെയും ജനറല്‍ സെക്രട്ടറി ഇപിഎസിനെയും അണികളെയും കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ പി മുനുസാമി കുറ്റപ്പെടുത്തി.
എഐഎഡിഎംകെ പ്രതിപക്ഷ സഖ്യമായ ഐ എന്‍ ഡി ഐ എയില്‍ അംഗമല്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേക മുന്നണിയെ നയിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ എഐഎഡിഎംകെ നേതാക്കള്‍ക്കെതിരെ ആവര്‍ത്തിച്ച് അഭിപ്രായപ്രകടനം നടത്തി. തമിഴ്നാടിന്റെ ആദ്യ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയെക്കുറിച്ചും ജയലളിതയെ കുറിച്ചും വിമര്‍ശനം ഉന്നയിച്ചതായി എ ഐ എ ഡി എം കെ വൃത്തങ്ങള്‍ പറഞ്ഞു.
അണ്ണാമലൈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പിയൂഷ് ഗോയല്‍ എന്നിവരുമായി എ ഐ എ ഡി എം കെ ചര്‍ച്ച ചെയ്തെങ്കിലും കേന്ദ്രം ഇടപെട്ടില്ല.