ബെംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷാ ചാർജുകൾ പുതുക്കിയതിനെ തുടർന്ന്, ബലെകുണ്ഡ്രി സർക്കിളിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള മേയോ ഹാളിലേക്ക് യാത്ര ചെയ്യാൻ പരമാവധി നിരക്ക് 36 രൂപയായി നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ ഓട്ടോ ഡ്രൈവർമാർ ഈടാക്കുന്നത് 60 മുതൽ 150 രൂപ വരെ വ്യത്യാസപ്പെടുന്നു.മീറ്ററിട്ടു സർവീസ് നൽകാൻ ആരും തയാറായിട്ടില്ല. ഇത് നഗരത്തിലെ മിക്ക സ്ഥലങ്ങളിലും സാധാരണമായി മാറുകയാണ്. വെബ് ഓട്ടോറിക്ഷകൾ ഈ ദൂരത്തിനായി 55 രൂപ ആണ് ഈടാക്കുന്നത്. 2025 ഓഗസ്റ്റ് 1-ന് ആണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.
ഈ നിരക്കുകൾ പ്രകാരം ആദ്യ 2 കിലോമീറ്ററിന് 30 രൂപയിൽ നിന്ന് 36 രൂപയാക്കി, പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയിൽ നിന്ന് 18 രൂപയായി വർധിപ്പിച്ചു.മേയോ ഹാളിലേക്കുള്ള ഓട്ടോ കാത്തുനിന്ന യാത്രക്കാരോട്, ഡ്രൈവർമാർ വിവിധ നിരക്കുകൾ ആണ് പറയുന്നത്. ഓട്ടോറിക്ഷകൾ മീറ്റർ ഉപയോഗിച്ച് സർവീസ് നൽകേണ്ടതായ നിയമം നിലവിലുണ്ടെങ്കിലും, ഡ്രൈവർമാർ പലപ്പോഴും ഇത് പാലിക്കുന്നില്ല.
ചിലർ മീറ്റർ ഉപയോഗിക്കാമെന്ന് പറയുന്നുണ്ട് എങ്കിലും അധികമായി 30 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു എന്നും യാത്രക്കാർ പറയുന്നു. 2021 നവംബറിനു ശേഷം, ഓട്ടോ ഡ്രൈവർ യൂണിയനുകൾ 40 രൂപ മിനിമം നിരക്ക് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ 36 രൂപ നിരക്കിനെ കുറിച്ച് അവർ അതൃപ്തി പ്രകടിപ്പിക്കുന്നുമുണ്ട്. ഇന്ധന വില വർധനയും അറ്റകുറ്റപ്പണികളുടെ ചെലവ് കൂടിയതും ഈ ആവശ്യത്തിന് കാരണം ആണെന്ന് അവർ പറയുന്നു. പുതിയ നിരക്ക് ബിബിഎംപിയുടെ പരിധിയിൽ ബാധകമാണ്.