ബംഗളുരു നഗരത്തില്‍ പുതുതായി എത്തുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാനപ്രശ്‌നമാണ് ഭാഷ. കന്നഡയില്‍ ഓട്ടോ ഡ്രൈവര്‍മാരോടും ബസ് ജീവനക്കാരോടും സംസാരിക്കാന്‍ കഴിയാത്തത് നിങ്ങളുടെ യാത്രയെ തന്നെയാണ് ബാധിക്കുന്നത്. എന്നാല്‍ ആ പ്രശ്‌നത്തിന് പരിഹാരവുമായി ബംഗളുരു നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ രംഗത്തെത്തിയിരിക്കുകയാണ്.യാത്രയ്ക്കിടെ ഉപയോഗിക്കാന്‍ കഴിയുന്ന കന്നഡ വാക്കുകളുടെയും അഭിവാദ്യങ്ങളുടെയും ഇംഗ്ലീഷ്-കന്നഡ പോസ്റ്റര്‍ ഇദ്ദേഹം തന്റെ ഓട്ടോയ്ക്കുള്ളില്‍ എഴുതി സ്ഥാപിച്ചിരിക്കുകയാണ്. കന്നഡ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ഈ പോസ്റ്റര്‍ വായിച്ച് ഡ്രൈവര്‍മാരുമായി ആശയവിനിമയം നടത്താന്‍ കഴിയും.
ബംഗളുരുവിലെ ഐഐഎമ്മിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ഈ ഓട്ടോയുടെയും പോസ്റ്ററിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കന്നഡ ഭാഷ അറിയാത്തയാളെന്ന നിലയില്‍ ഈ പോസ്റ്ററിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കന്നഡയിലെ അഭിവാദ്യങ്ങളും ചെറിയ വാക്യങ്ങളുമാണ് ഈ പോസ്റ്ററില്‍ ഇംഗ്ലീഷില്‍ നല്‍കിയിരിക്കുന്നത്.കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി പേരാണ് ഈ പോസ്റ്റ് കണ്ടത്. autokannadiga0779 എന്ന കണ്ടന്റ് ക്രിയേറ്ററാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. കന്നഡ അറിയാത്തവര്‍ക്കും നഗരത്തിലെ മറ്റുള്ളവര്‍ക്കും ഒരുപോലെ സഹായകമാകുന്ന പോസ്റ്ററാണിതെന്ന് നിരവധി പേര്‍ പറഞ്ഞു.
നല്ല തീരുമാനം. പലപ്പോഴും നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഹിന്ദി സംസാരിക്കുന്നവരോട് പരുഷമായി സംസാരിക്കാറുണ്ട്. ഈ പോസ്റ്ററിലൂടെ ചെറിയ ചില വാക്കുകളെങ്കിലും കന്നഡയില്‍ പറയാന്‍ സാധിക്കുമല്ലോ,’ എന്നൊരാള്‍ കമന്റ് ചെയ്തു. കന്നഡിഗര്‍ക്കും കന്നഡ ഭാഷ അറിയാത്തവര്‍ക്കും പരസ്പരം ആശയവിനിമയം നടത്താന്‍ ഈ പോസ്റ്റര്‍ ഉപകരിക്കും. അതിലൂടെ സംസ്‌കാരം പരസ്പരം പങ്കുവെയ്ക്കപ്പെടുമെന്നും ചിലര്‍ കമന്റ് ചെയ്തു.മികച്ച ആശയമാണിത്. കന്നഡ അറിയാത്തവര്‍ ആദ്യം പഠിക്കേണ്ടത് സഹോദരന്‍, സഹോദരി എന്നീ വാക്കുകളുടെ കന്നഡയിലെ പദമാണ്. ഞാനും ഇപ്പോള്‍ കന്നഡ പഠിക്കുകയാണ്. സഹോദരാ/സഹോദരി എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കാന്‍ തുടങ്ങിയാല്‍ ആരും നിങ്ങളോട് പെട്ടെന്ന് ദേഷ്യപ്പെടില്ല. അവര്‍ നിങ്ങളെ കൂടുതല്‍ ബഹുമാനിക്കും,’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു
തടസങ്ങളില്ലാതെ യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ആശയവിനിമയം സുഗമമാക്കാന്‍ ഈ പോസ്റ്റര്‍ സഹായിക്കുമെന്ന് മറ്റൊരാള്‍ പറഞ്ഞു. ‘അഭിനന്ദിക്കപ്പെടേണ്ട ഉദ്യമമാണിത്. കന്നഡയില്‍ ചെറിയ വാക്കുകള്‍ പറയാന്‍ ഞാന്‍ ശ്രമിക്കുന്നു. നമ്മള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അത്യാവശ്യത്തിനുള്ള ഭാഷാ പ്രയോഗങ്ങള്‍ പഠിച്ച് വെയ്ക്കാറില്ലേ. അതേ മനസോടെയാണ് ഇവിടേയും പ്രവര്‍ത്തിക്കേണ്ടത്,’ എന്നൊരാള്‍ കമന്റ് ചെയ്തു.