ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ സെപ്റ്റംബർ ഒന്നുമുതൽ രണ്ടാം ടെർമിനലിൽനിന്നായിരിക്കും. ഇതോടെ ഒന്നാം ടെർമിനൽ ആഭ്യന്തര സർവീസുകൾക്ക് മാത്രമായി മാറും. ഇതിനുള്ള ഒരുക്കങ്ങൾ നടത്തിവരുകയാണ്. 2022 നവംബർ 11-നാണ് രണ്ടാം ടെർമിനലിന്റെ ആദ്യ ഘട്ടം തുറന്നുകൊടുത്തത്. ജനുവരി 15-ന് വിമാന സർവീസുകൾ ആരംഭിച്ചു. നിലവിൽ രണ്ടാം ടെർമിനലിൽനിന്ന് സ്റ്റാർ എയർ, വിസ്താര, എയർ ഏഷ്യവിമാനങ്ങൾ ആഭ്യന്തര സർവീസ് നടത്തുന്നുണ്ട്.
വെള്ളപ്പൊക്ക മുന്നൊരുക്കങ്ങൾ നടത്തി കർണാടക സർക്കാർ
ബെംഗളൂരു: വീണ്ടുമൊരു മഴക്കാലം വരുമ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ വെള്ളപ്പൊക്ക ദുരിതമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി വരുകയാണ് സർക്കാരും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബി.ബി.എം.പി.).
നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാൻ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് ഓവുചാലുകളുടെ നവീകരണവും കനാലുകളുടെ നവീകരണവുമാണ്.
അതിനാൽ കനാലുകളും ഓവുചാലുകളും നവീകരിക്കുന്നതിന് മുൻഗണന നൽകാനാണ് ബെംഗളൂരു നഗര വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയാണ് ശിവകുമാർ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്.
വ്യാഴാഴ്ച മഹാദേവപുര സോണിലെ വിവിധ സ്ഥലങ്ങൾ ശിവകുമാർ സന്ദർശിച്ചു. ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്, മഹാദേവപുര എം.എൽ.എ. മഞ്ജുള അരവിന്ദ് ലിംബാവലി എന്നിവരും ശിവകുമാറിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കം രൂക്ഷമായിരുന്ന യെംലൂരിലെ തടാകങ്ങളും കനാലുകളുടെയും കൈയേറ്റങ്ങളും കനാലുകളുടെ നിർമാണ പ്രവർത്തനങ്ങളും ശിവകുമാർ പരിശോധിച്ചു. ബെലന്ദൂർ തടാകവും ശിവകുമാർ സന്ദർശിച്ചു.
തടാകത്തിലെ നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ ശിവകുമാറിന് വിശദീകരിച്ചുകൊടുത്തു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കമുണ്ടായ സർജാപുരയിലെ റെയിൻബോ ഡ്രൈവ് ലേഔട്ടും ശിവകുമാർ സന്ദർശിച്ചു. ലേഔട്ടിന് സമീപത്തെ കനാലുകൾ വൃത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഗുഞ്ചൂരിലും കനാൽ നവീകരണ പ്രവർത്തനങ്ങൾ ശിവകുമാർ വിലയിരുത്തി. മഴക്കാല മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്. മഴക്കാലത്ത് വെള്ളം പൊങ്ങുന്നത് കൂടാതെ മരങ്ങൾ ഒടിഞ്ഞു വീഴുന്നതും റോഡുകൾ തകരുന്നതും നഗരത്തിൽ പതിവാണ്. ഇവയെല്ലാം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഒടിഞ്ഞു വീഴാറായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കും.