ബംഗളുരു: ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി ലഭിച്ചു. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് നോർത്ത് ഈസ്റ്റ് ബംഗളുരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സജിത്ത് കുമാർ പറഞ്ഞു. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് രാജ്യ തലസ്ഥാനത്തെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണിയുണ്ടായിരുന്നു.
തുടർന്ന് സ്കൂളുകൾ പൂട്ടുകയും ക്ലാസുകൾ ഓൺലൈനാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയോടെയാണ് ദില്ലിയിലും നോയിഡയിലും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായത്. അൽകോൺ ഇന്റർനാഷണൽ സ്കൂളിലെ പ്രിൻസിപ്പലിനാണ് ബോംബ് ഭീഷണി സന്ദേശം ഇ-മെയിലിൽ ലഭിച്ചത്.പ്രിൻസിപ്പൽ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയും പൊലീസ് അധികൃതർ സ്കൂളിലെത്തുകയും ചെയ്തു. സ്കൂളും പരിസരവും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല.
ബസനഗൗഡ പാട്ടീൽ യത്നലിന് വീണ്ടും കാരണംകാണിക്കൽ നോട്ടീസ്
ബെംഗളൂരു: കർണാടക ബി.ജെ.പി.യിൽ സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് നിൽക്കുന്ന മുതിർന്ന നേതാവും മുൻകേന്ദ്രമന്ത്രിയും എം.എൽ.എ.യുമായ ബസനഗൗഡ പാട്ടീൽ യത്നലിന് വീണ്ടും കാരണംകാണിക്കൽ നോട്ടീസയച്ച് പാർട്ടിയുടെ കേന്ദ്ര അച്ചടക്കസമിതി. 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണാവശ്യം.രണ്ടുമാസത്തിനിടെ രണ്ടാമത്തെ തവണയാണ് യത്നലിന് നോട്ടീസ് ലഭിക്കുന്നത്. വിജയേന്ദ്ര വിരുദ്ധവിഭാഗം നേതാക്കളിലെ പ്രമുഖനാണ് യത്നൽ.
വിജയേന്ദ്രയെ സംസ്ഥാനാധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. അധ്യക്ഷസ്ഥാനത്ത് തുടരാൻ വിജയേന്ദ്ര ശ്രമം നടത്തുന്നതിനിടെ സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് യത്നൽ പ്രഖ്യാപിച്ചിരുന്നു. യത്നലിന്റെ പേരിൽ നടപടിയെടുത്തത് ദേശീയനേതൃത്വത്തിന്റെ പിന്തുണ വിജയേന്ദ്രയ്ക്കാണെന്നതിന്റെ സൂചനയായി.ഫലത്തിൽ ഇത് വിജയേന്ദ്രയുടെ വിജയമായും മാറി.വിജയേന്ദ്രയെ മാറ്റണമെന്ന് ദേശീയ നേതാക്കളോട് നേരിട്ട് ആവശ്യപ്പെടാൻ യത്നലിന്റെ നേതൃത്വത്തിലുള്ള വിമതനേതാക്കൾ കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു. ഇതോടെ വിജയേന്ദ്രയെ ദേശീയനേതൃത്വം ഡൽഹിക്ക് വിളിച്ചുവരുത്തി. തുടർന്നാണ് യത്നലിനെതിരേ നടപടിയെടുത്തത്.