ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസമായ ഏയ്റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷന് ബെംഗളൂരുവില്‍ തുടക്കം.പ്രതിരോധ നിർമ്മാണ രംഗത്ത് പൊതുമേഖലാ കമ്ബനികള്‍ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും തുല്യമായ പ്രാതിനിധ്യം നല്‍കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. സുഖോയും തേജസ്സും അടക്കമുള്ള യുദ്ധവിമാനങ്ങളും സൂര്യകിരണ്‍ എയ്റോബാറ്റിക് ടീമിന്റെ വ്യോമാഭ്യാസ പ്രകടനങ്ങളും ഉദ്ഘാടന പരിപാടിയില്‍ ആവേശമായി.ബെംഗളൂരുവിന്റെ ആകാശത്ത് വിസ്മയക്കാഴ്ചകളുടെ ദിനം.
കാണികളെ ആവേശത്തിമിർപ്പിലാക്കി ആകാശത്ത് ചീറിപ്പാഞ്ഞ, ഇന്ത്യയുടെ അഭിമാനമായ തേജസ് മാർക്ക് 1 ആല്‍ഫ. ഇന്ത്യൻ യുദ്ധ വിമാനങ്ങളുടെ ആണിക്കല്ലുകളിലൊന്നായ സുഖോയ് 30 എംകെഐ. ഇന്ത്യയുടെ സ്വന്തം മണ്ണില്‍ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററിന് കാണികളുടെ നിറഞ്ഞ കയ്യടി.അടുത്ത സാമ്ബത്തിക വർഷം ഇന്ത്യ ലക്ഷ്യമിടുന്നത് 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ്.
1.6 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉത്പന്ന ഉത്പാദനം ലക്ഷ്യമിടുന്നെന്ന് രാജ് നാഥ് സിംഗ് പ്രഖ്യാപിച്ചു.അമേരിക്കയുടെയും റഷ്യയുടെയും അത്യന്താധുനിക യുദ്ധവിമാനങ്ങളായ എഫ് 35-യും സു 37-ഉം ഇത്തവണ പൊതുജനങ്ങള്‍ക്കായുള്ള വ്യോമാഭ്യാസപ്രകടനങ്ങളില്‍ അണിനിരക്കും. ഇന്ന് തുടങ്ങുന്ന എയ്റോ ഇന്ത്യ ഫെബ്രുവരി 14 വരെ തുടരും. അവസാനത്തെ രണ്ട് ദിവസമാകും പൊതുജനത്തിനായുള്ള വ്യോമാഭ്യാസ പ്രകടനങ്ങള്‍.