ബെംഗളൂരു: തുംകൂരു റോഡില്‍ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് യുവാക്കള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാൻ പറഞ്ഞത് പല കാരണങ്ങളെന്ന് പോലീസ്.ശനിയാഴ്ച രാത്രി 11.45 ഓടെയാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ കാർ ഡിവൈഡറില്‍ ഇടിച്ചുകയറി എതിർദിശയില്‍ വന്ന ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു.യുവാക്കള്‍ രാത്രി വൈകിയാണ് പുറത്തിറങ്ങിയതെന്നും വീട്ടില്‍ പല കാരണങ്ങള്‍ പറഞ്ഞാണ് ഇറങ്ങിയതെന്നും പോലീസ് പറയുന്നു. ചിലർ ക്ഷേത്രദർശനം നടത്താൻ പോവുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. മറ്റുചിലർ ഉടൻ തിരിച്ചെത്തുമെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അപകടത്തില്‍ മരിച്ച ഹർഷിത് എന്നയാള്‍ രാജനുകുന്തയിലെ ഒരു സ്വകാര്യ കോളേജില്‍ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. വണ്ടിയോടിച്ചിരുന്ന ലളിത് സിസിടിവി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ലളിത് വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തില്‍ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് അദ്ദേഹത്തിന്റെ അമ്മ രൂപ പറഞ്ഞു. വൈകിയേ തിരിച്ചെത്തുമെന്നും ലളിത് അമ്മയോട് പറഞ്ഞിരുന്നു.അപകടത്തില്‍ മരിച്ചവരിലൊരാളായ ദനുഷിന്റെ അമ്മ സുനിത പറയുന്നത് മകൻ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഇറങ്ങിയെന്നാണ്. “ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് അപകടത്തെക്കുറിച്ച് ഞങ്ങള്‍ അറിയുന്നത്. അവൻ എന്നെയും എന്റെ ഇളയ മകനെയും ഒരു ബേക്കറിയില്‍ കൊണ്ടുപോയി ലഘുഭക്ഷണങ്ങള്‍ വാങ്ങിത്തന്നു. ഞങ്ങള്‍ തിരിച്ചെത്തിയ ശേഷം, അവൻ പത്ത് മിനിറ്റിനുള്ളില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞു. അവൻ കൂട്ടുകാരുമായി കാറില്‍ പുറത്തുപോയത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.”മരിച്ച വിദ്യാർത്ഥികളില്‍ ഒരാളായ അശ്വിൻ നായർ (17) യെലഹങ്കയിലെ ആർവി പിയു കോളേജില്‍ പഠിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം കൂട്ടുകാരുമായി പുറത്തുപോയതായിരുന്നു അശ്വിൻ. അമ്മയെ അറിയിക്കാതെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. “രാവിലെ സെക്യൂരിറ്റി ഗാർഡ് വന്ന് നിങ്ങളുടെ മകൻ കൂട്ടുകാരുമായി കാറില്‍ പോയി എന്ന് പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്. മകനെ വിളിച്ചപ്പോള്‍ പോലീസാണ് ഫോണ്‍ എടുത്തത്. അപകടം സംഭവിച്ചെന്നും മകൻ മരിച്ചെന്നും പോലീസ് അറിയിച്ചു,” അശ്വിന്റെ അമ്മ പറഞ്ഞു. അപകടത്തില്‍ മരിച്ച മറ്റൊരു വിദ്യാർത്ഥിയായ അർഹാൻ ഷെരീഫ് ഫ്രേസർ ടൗണില്‍ താമസിക്കുന്നയാളാണ്. പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അർഹാൻ കുടുംബത്തോടൊപ്പം ദുബായ് വഴി ഉംറ തീർത്ഥാടനത്തിന് പോകാനിരിക്കുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. “അവൻ രാത്രി കൂട്ടുകാരുമായി ആരെയും അറിയിക്കാതെ പോയതായിരുന്നു. രാവിലെ പോലീസ് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്,” അർഹാന്റെ അമ്മാവൻ പറഞ്ഞു.മരിച്ച മറ്റൊരു യുവാവ് ഈഥൻ ജോർജ് രാത്രി ഉറങ്ങാൻ റൂമിലേക്ക് പോവുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. രാവിലെ പോലീസ് വിളിച്ചപ്പോഴാണ് ഈഥൻ റൂമിലില്ലെന്നും, അപകടം സംഭവിച്ചെന്നും വീട്ടുകാർ അറിയുന്നത്.നെലമംഗലയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ടാറ്റാ ഇൻഡിക്ക കാർ ഫ്ലൈഓവറില്‍ പ്രവേശിച്ചതിനു പിന്നാലെ റോഡ് ഡിവൈഡറില്‍ ഇടിച്ചുകയറി എതിർദിശയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാർ പലതവണ മറിഞ്ഞാണ് കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഈ കൂട്ടിയിടിയില്‍ കാർ പൂർണ്ണമായും തകർന്നു. കാറിന്റെ മുൻഭാഗത്തിനും മുകള്‍ഭാഗത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. പ്രാഥമിക അന്വേഷണത്തില്‍ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.