ബംഗളൂരു: നഗരത്തില്‍ എ.ടി.എമ്മിനുമുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പെട്ടികള്‍ പൊലീസിനെ മണിക്കൂറുകള്‍ വട്ടം കറക്കി. ഒടുവില്‍ പെട്ടികള്‍ ശൂന്യമാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് എ.ടി.എമ്മില്‍ ഇരിക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരൻ പുറത്തിറങ്ങിയപ്പോഴാണ് എ.ടി.എമ്മിന് സമീപം പെട്ടികള്‍ കണ്ടത്.
എ.ടി.എമ്മിനുള്ളില്‍ പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണിവ. സ്വന്തം എ.ടി.എമ്മിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയശേഷം സുരക്ഷ ജീവനക്കാരൻ മിനർവ സർക്കിളില്‍ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ലോക്കല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡിന്റെ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ ഇല്ലെന്ന് കണ്ടെത്തി. പെട്ടികള്‍ കാലിയായതിനാല്‍ എ.ടി.എമ്മിനുള്ളില്‍ ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍, മൂന്ന് പെട്ടികള്‍ എ.ടി.എമ്മിന് പുറത്ത് സൂക്ഷിച്ച ശേഷം യാചകൻ സ്ഥലം വിടുന്ന ദൃശ്യം കണ്ടെത്തി. പെട്ടികള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്നുണ്ട്.