ഭാഗല്‍പൂര്‍: ബിഹാറില്‍ നിതീഷ് കുമാറിന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റെടുത്തതിന് പിന്നാലെ വിവാദങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. ദേശീയഗാനം പോലും തെറ്റില്ലാതെ മുഴുവനും ഓര്‍ത്തു ചൊല്ലാന്‍ അറിയാത്ത ആളാണ് ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ പുതിയ വിദ്യാഭ്യാസമന്ത്രി എന്നതാണ് രാഷ്ട്രീയ ജനതാ ദളിന്റെ ആക്ഷേപം. ഇതേ ആക്ഷേപം ഉന്നയിച്ചു കൊണ്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിളില്‍ നിന്ന് ഒരു വിഡിയോയും ആര്‍ജെഡി ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രസ്തുത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചുകഴിഞ്ഞു.
ഏതോ സ്‌കൂളിലെ പതാകയുയര്‍ത്താല്‍ ചടങ്ങിന്റെ ഭാഗമായി എടുത്ത ഈ വീഡിയോ എന്നത്തേതാണ് എന്ന് വ്യക്തമല്ല.
ഇന്നാണ് ആര്‍ജെഡി ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആദ്യമായി ഇത്തവണ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട ഡോ. മേവാലാല്‍ ചൗധരിക്ക് നിതീഷ് കുമാര്‍ അനുവദിച്ചു നല്കിയിട്ടുളളത് വിദ്യാഭ്യാസവകുപ്പാണ്. ദേശീയ ഗാനം പോലും നേരെ ചൊവ്വേ ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ഒരാളെയാണോ വിദ്യാഭ്യാസ വകുപ്പുപോലുള്ള ഗൗരവമുള്ള പോര്‍ട്ട് ഫോളിയോ ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് ആര്‍ജെഡിയുടെ ആക്ഷേപം.
ഇതിനു മുമ്ബ് ഭഗല്‍പൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു ഡോ. മേവാലാല്‍ ചൗധരി എന്ന യോഗ്യതപ്പുറത്താണ് അദ്ദേഹത്തിന് വിദ്യാഭ്യാസവകുപ്പ് തന്നെ അനുവദിച്ച് കിട്ടിയത്. എന്നാല്‍, 2012 -ല്‍ വിസി ആയിരിക്കെ നടത്തിയ 161 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും,ജൂനിയര്‍ സയന്റിസ്റ്റുകളുടെയും നിയമനത്തില്‍ ചൗധരി അഴിമതി കാണിച്ചു എന്നാരോപിച്ച് വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഈ കേസില്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യവും ഡോ. ചൗധരി നേടിയിട്ടുണ്ട്.
2015 -ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് ഡോ. ചൗധരി രാഷ്ട്രീയത്തിലിറങ്ങുന്നത്. താരപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് അദ്ദേഹം. അതെ മണ്ഡലത്തില്‍ നിന്ന് മുമ്ബ് എംഎല്‍എ ആയിരുന്ന അദ്ദേഹത്തിന്റെ പത്നി 2019 -ല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു മരിച്ച കേസിലും ഇദ്ദേഹത്തിന്റെ പേര് സംശയത്തിന്റെ നിഴലില്‍ വന്നിട്ടുണ്ടായിരുന്നു.