ബെംഗളൂരു: സംസ്ഥാനത്ത്ഗോവധ നിരോധന -കന്നുകാലി സംരക്ഷണ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇറച്ചി കടകള്‍ക്ക് നേരെ ആക്രമണം.
മംഗളൂരു ഒലാപേട്ടിലെ തൊക്കോട്ട് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നു ഇറച്ചികടകളാണ് അക്രമികള്‍ തീയിട്ടത്. താല്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലത്തീഫ്, ഖാദര്‍, ഹനീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മംഗളൂരു എം.എല്‍.എ യു.ടി. ഖാദര്‍ രംഗത്തെത്തി.
കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യണം. ഇറച്ചികടകള്‍ നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ നഗരസഭ ഒരുക്കണമെന്നും യു.ടി. ഖാദര്‍ ആവശ്യപ്പെട്ടു
ഗോവധ നിരോധന ഭേദഗതി നിയമത്തിന്റെ മറയാക്കി കന്നുകാലി വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നേരെ ശനിയാഴ്ച ആള്‍ക്കൂട്ട മര്‍ദനം നടന്നിരുന്നു.
റാണിബെന്നൂരില്‍ നിന്ന് ശൃംഗേരി വഴി മംഗളൂരുവിലേക്ക് 34 കന്നുകാലികളുമായി വരുകയായിരുന്ന രണ്ട് വാഹനങ്ങള്‍ താണിക്കൊഡു ചെക്ക്പോസ്റ്റിന് സമീപം ആള്‍ക്കൂട്ടം തടയുകയായിരുന്നു. ഒരു വാഹനത്തിലെ ഡ്രൈവര്‍ ഒടി രക്ഷപ്പെട്ടു.
രണ്ടാമത്തെ വാഹനത്തിലെ ഡ്രൈവറായ ദാവന്‍കര സ്വദേശി ആബിദ് അലിക്ക് ആള്‍ക്കൂട്ടത്തിന്റ മര്‍ദനമേറ്റു. പരിക്കേറ്റ ഇയാളെ ശൃംഗേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കന്നുകാലി കടത്തിന് ഡ്രൈവര്‍മാര്‍ക്കെതിരെ ശൃംഗേരി പൊലീസ് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തരേന്ത്യയിലെ പോലെ ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുമെന്ന ആശങ്ക ആദ്യ കേസില്‍ത്തന്നെ യാഥാര്‍ഥ്യമാവുകയാണ്.
ഗോവധ നിരോധന- കന്നുകാലി സംരക്ഷണ ഭേദഗതി നിയമപ്രകാരം പശു, പശുക്കിടാവ്, കാള, 13 വയസ്സില്‍ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം. കന്നുകാലികളെ കടത്തുന്നതും ഇറച്ചി കയറ്റുമതിയും ഇറക്കുമതിയും നിരോധന പരിധിയില്‍ വരും.
നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴു വരെ വര്‍ഷം തടവും അരലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപ പിഴയുമാണ് ശിക്ഷ. കന്നുകാലി കടത്തിനെ കുറിച്ച് വിവരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ ടോള്‍ഫ്രീ നമ്ബറും പുറത്തിറക്കിയിട്ടുണ്ട്.