ബെംഗളൂരു∙ യന്ത്രസഹായത്തോടെ ഖരമാലിന്യം വേർതിരിക്കാൻ കഴിയുന്ന ബിബിഎംപിയുടെ ആദ്യ കേന്ദ്രം കോറമംഗലയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. നാഷനൽ ഗെയിംസ് വില്ലേജിന് സമീപത്താണ് ബാംഗ്ലൂർ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ (ബിഎസ്ഡബ്ലുഎംഎൽ) നേതൃത്വത്തിലുള്ള കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. ഒരു മണിക്കൂറിൽ 5 ടൺ ഖര മാലിന്യം വരെ തരംതിരിക്കാൻ കഴിയും.
ലോറികളിലും ഓട്ടോ ടിപ്പറുകളിലും എത്തിക്കുന്ന മാലിന്യം കൺവെയർ ബെൽറ്റ് വഴിയാണ് തരംതിരിക്കുക. തരം തിരിക്കുന്ന മാലിന്യം ഹൈഡ്രോളിക് ലിഫ്റ്റ് വഴി ലോറികളിലേക്ക് തന്നെ കയറ്റും. ബിബിഎംപിയുടെ കമാൻഡ് സെന്റർ വഴി ജീവനക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകാൻ സാധിക്കും. 7.75 കോടിരൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. റോഡരികിൽ ഖര, ദ്രവ മാലിന്യം വേർതിരിക്കാനായി കുന്നുകൂട്ടിയിടുന്ന നിലവിലെ രീതി അവസാനിപ്പിക്കുന്നതു കൂടി ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്.
റോഡരികിലും ബിബിഎംപിയുടെ ഗ്രൗണ്ടുകളിലും കൂട്ടിയിടുന്ന മാലിന്യം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. സിസിടിവി സംവിധാനത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ലോറികളിൽ എത്തിക്കുന്ന മാലിന്യത്തിന്റെ ഭാരം ഉൾപ്പെടെ രേഖപ്പെടുത്താൻ സംവിധാനമുണ്ട്.