ബെംഗളൂരു ∙ ട്രാഫിക് പൊലീസുമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ 52 ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കാൻ ബിബിഎംപി നടപടികൾ ആരംഭിച്ചതായി ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. അശാസ്ത്രീയമായി സ്ഥാപിച്ച ബസ് സ്റ്റോപ്പുകൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് നടപടി. അനുയോജ്യമെന്ന് സർവേയിൽ കണ്ടെത്തിയ ഇടങ്ങളിലാകും അവ സ്ഥാപിക്കുക. യെലഹങ്കയിലെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡ്, തിപ്പസന്ദ്രയിലെ ബിഇഎംഎൽ ഗേറ്റ് എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള സ്റ്റോപ്പുകളുടെ സ്ഥാനം മാറ്റും.
വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഉൾപ്പെടെ തടസ്സം സൃഷ്ടിക്കുന്ന രീതിയിലാണ് പല സ്റ്റോപ്പുകളും സ്ഥാപിച്ചിട്ടുള്ളത്. അതിനാൽ, പലയിടത്തും സ്റ്റോപ്പുകളിൽ ബസ് നിർത്താനാകാത്ത സാഹചര്യമുണ്ടാകുന്നു. അത് ബസ് ജീവനക്കാർ യാത്രക്കാരെ നടുറോഡിൽ ഇറക്കിവിടുന്നതിനും കാരണമാകുന്നു.ബിഎംടിസി അതു കർശനമായി വിലക്കിയിട്ടുണ്ടെങ്കിലും സ്റ്റോപ്പുകളുടെ അശാസ്ത്രീയസ്ഥാനം കാരണം തങ്ങൾ അതിനു നിർബന്ധിതരാകുകയാണെന്നു ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. ബസ് സ്റ്റോപ്പുകളിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ട്രാഫിക് പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫലം കണ്ടത് ഏറെക്കാലത്തെ പ്രതിഷേധം: അടിയന്തര പ്രശ്നപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകൾ ഉൾപ്പെടെ ഏറെ കാലമായി നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ബിബിഎംപി സർവേ നടത്തിയത്. പലയിടത്തും ബസ് സ്റ്റോപ്പുകളിലല്ല ബസ് നിർത്തുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു. ബെലെകുണ്ഡ്രി സർക്കിൾ ഉൾപ്പെടെ അതിനു ഉദാഹരണമാണ്. ഐടി പാർക്കുകൾക്കു സമീപത്ത് പുതിയ ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കണമെന്നും യാത്രികർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രഖ്യാപനം നടപ്പിലാക്കാതെ ബിബിഎംപി: നഗരത്തിലെ ഭൂരിഭാഗം ബസ് സ്റ്റോപ്പുകളുടെയും അവസ്ഥ ശോചനീയമാണെന്ന പരാതിയും വ്യാപകമാണ്. പലയിടത്തും ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മാലിന്യം വലിച്ചെറിയുന്നത് വ്യാപകമായതോടെ പലയിടങ്ങളും തെരുവുനായ്ക്കളുടെ താവളമായി മാറിയിട്ടുണ്ട്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരും ഇവിടങ്ങളിൽ തമ്പടിക്കുന്നുണ്ട്. പ്രശ്നം രൂക്ഷമായതോടെ മാർഷലുമാരെ നിയോഗിക്കുമെന്ന് ബിബിഎംപി പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.