സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പി.ജികള്‍ പ്രവര്‍ത്തിക്കുന്നെന്ന പരാതികള്‍ വ്യാപകമായതോടെ പി.ജികള്‍ പാലിക്കേണ്ട 10 മാർഗനിർദേശങ്ങള്‍ ബി.ബി.എം.പി പുറത്തിറക്കി.ബി.ബി.എം.പിയുടെ പെര്‍മിറ്റ് നിർബന്ധമായും നേടിയിരിക്കണമെന്നതാണ് പ്രധാന നിർദേശം. താമസക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക, അടുക്കള ബി.ബി.എം.പി യുടെയും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റിയുടെയും ലൈസന്‍സുകള്‍ നേടിയിരിക്കണം, പി.ജികള്‍ പ്രവർത്തിക്കുന്നത് 40 അടിയില്‍ കുറവുള്ള റോഡുകള്‍ക്ക് സമീപത്താവരുത് എന്നിവയാണ് നിര്‍ദേശങ്ങളില്‍ ചിലത്.
സുരക്ഷിതത്വം കണക്കിലെടുത്ത് വിദ്യാർഥികളും ജോലിക്കാരും പി.ജികളാണ് താമസത്തിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍, പി.ജികളിലെ അസൗകര്യവും നിയമലംഘനങ്ങളും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇത് കണക്കിലെടുത്താണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്നും ബി.ബി.എം.പി സ്പെഷല്‍ കമീഷണര്‍ വികാസ് കിഷോര്‍ സുരല്‍കാര്‍ പറഞ്ഞു. 20,000 മുതല്‍ 25,000 പി.ജികള്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 2000 പി.ജികള്‍ക്ക് നിയമ ലംഘനവുമായി ബന്ധപ്പെട്ട് നോട്ടീസ് അയക്കുകയും 300 പി.ജി കള്‍ സീല്‍ ചെയ്തതായും ബി.ബി.എം.പി അറിയിച്ചു.
മഹാദേവപുരയില്‍ മാത്രം 500 പി.ജികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 150 എണ്ണം മാത്രമെ ലൈസന്‍സ് നേടിയിട്ടുള്ളൂ. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി 100 അടുക്കളകളും 55 പി.ജികളും മഹാദേവപുരയില്‍ അധികൃതര്‍ അടപ്പിച്ചു. എന്നാല്‍, ബി.ബി.എം.പി നടപടിയില്‍ പ്രതിഷേധവുമായി ബംഗളൂരു പി.ജി അസോസിയേഷന്‍ രംഗത്തെത്തി. അടച്ചുപൂട്ടലുകള്‍ വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഒരു പോലെ ബാധിക്കുമെന്നും സാങ്കേതിക നടപടികള്‍ മൂലം പി.ജികള്‍ അടച്ചു പൂട്ടരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.