ബെംഗളൂരു: ഇന്ന് മുതല്‍ ബെംഗളൂരുവില്‍ പുതിയ നികുതി കൂടി. ഏപ്രില്‍ 1 മുതല്‍ ബെംഗളൂരുവിലെ പ്രോപ്പര്‍ട്ടി ഉടമകളില്‍ നിന്ന് മാലിന്യ ഉപയോക്തൃ ഫീസായി ഒരു തുക ഈടാക്കും എന്ന് അധികൃതര്‍ അറിയിച്ചു. വാതില്‍പ്പടി മാലിന്യ ശേഖരണവും മാലിന്യ നിര്‍മാര്‍ജനവും ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനാണ് ഈ ഫീസ്.
കഴിഞ്ഞ നവംബറില്‍ ആണ് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ( ബി എസ് ഡബ്ല്യു എം എല്‍ )മാലിന്യ ശേഖരണ ഫീസ് ഘടന നിര്‍ദ്ദേശിച്ചത്. നഗര വികസന വകുപ്പിന്റെ അനുമതിയോടെയായിരുന്നു ഇത്. ഈ ഫീസ് നിരക്കിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇത് പ്രതിവര്‍ഷം ഏകദേശം 600 കോടി രൂപ വരുമാനം കൂട്ടിച്ചേര്‍ക്കും എന്നാണ് വിലയിരുത്തല്‍. ഫീസ് പ്രോപ്പര്‍ട്ടി ടാക്‌സില്‍ ആണ് ഉള്‍പ്പെടുത്തുക.
ബില്‍റ്റ് – അപ്പ് ഏരിയയെ അടിസ്ഥാനമാക്കി നികുതി നിരക്കില്‍ വ്യത്യാസമുണ്ടാകും. 600 ചതുരശ്ര അടിയില്‍ താഴെയുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് പ്രതിമാസം 10 രൂപ മുതല്‍ 4,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് പ്രതിമാസം 400 രൂപ വരെയാണ് നിരക്ക്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയ വലിയ മാലിന്യ ഉല്‍പ്പാദകര്‍ക്ക്, അംഗീകൃത ഏജന്‍സികളെ ഉപയോഗിക്കുന്നില്ലെങ്കില്‍ സംസ്‌കരിക്കാത്ത മാലിന്യത്തിന് കിലോയ്ക്ക് 12 രൂപ വീതം സര്‍ക്കാര്‍ ഈടാക്കും.
ഇത് ഭവന സൊസൈറ്റികളുടെയും വാണിജ്യ യൂണിറ്റുകളുടെയും പ്രവര്‍ത്തന ച്ചെലവ് വര്‍ധിപ്പിക്കും. അതേസമയം നികുതി നിരക്ക് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ഉപയോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നികുതി കൊടുക്കുന്നതിന് കാര്യമുണ്ടാകണം എന്നും ഈ ഫണ്ട് ശരിയായി വിനിയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തണം എന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.’മാലിന്യ നികുതി അടയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ പകരമായി ഒരു വൃത്തിയുള്ള ബെംഗളൂരുവാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഫണ്ട് സുതാര്യമായി ചെലവഴിക്കുന്നുണ്ടെന്നും ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം. അവര്‍ പണം തെറ്റായി ചെലവഴിച്ചാല്‍ ഇത് അസ്ഥാനത്താകും,’ ബെംഗളൂരു നിവാസികളിലൊരാള്‍ പറഞ്ഞു.
അതേസമയം നിലവിലുള്ള ഖര മാലിന്യ സംസ്‌കരണ സെസ് മാറ്റമില്ലാതെ തുടരുമ്പോള്‍ സേവന നിലവാരത്തിലെ വിടവുകള്‍ പരിഹരിക്കുന്നതിനാണ് പുതിയ ഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.