ബംഗളൂരു നഗരത്തിലെ തടാകങ്ങളില്‍ സോളാർ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപിക്കാൻ ബി.ബി.എം.പി പദ്ധതി.ഇതിന്റെ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ യെലഹങ്ക, രച്ചനഹള്ളി തടാകങ്ങളില്‍ പാനലുകള്‍ സ്ഥാപിക്കും. ജലോപരിതലത്തിലൂടെ ഒഴുകിനടക്കുംവിധം ഫ്ലോട്ടിങ് ഫോട്ടോവോള്‍ടെയ്ക് പാനലുകളാണ് സ്ഥാപിക്കുക. 0.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള യെലഹങ്ക തടാകത്തില്‍ 0.05 ചതുരശ്ര കിലോമീറ്ററിലാണ് പാനലുകള്‍ ഒരുക്കുന്നത്. 0.03 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രച്ചനഹള്ളി തടാകത്തില്‍ 0.03 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് സോളാർ പാനലുകള്‍ സ്ഥാപിക്കും.
യെലഹങ്ക തടാകത്തില്‍ നിന്ന് മൂന്ന് മെഗാവാട്ട് വൈദ്യുതിയും രച്ചനഹള്ളി തടാകത്തില്‍നിന്ന് രണ്ട് മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി തടാകത്തിലെ ജലത്തിന്റെ ഗുണത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തുന്നുണ്ടോയെന്നത് പരിശോധിക്കും. സോളാർ പാനലുകള്‍ സ്ഥാപിക്കുന്നതിന് മുമ്ബും സ്ഥാപിച്ചതിന് ശേഷവും ജലത്തിന്റെ ഗുണനിലവാരം പരിശോധനാവിധേയമാക്കും. സെന്റർ ഫോർ സ്റ്റഡി ഓഫ് ദ സയൻസ്, ടെക്നോളജി, പോളിസിയുടെ (സി.എസ്.ടി.ഇ.പി) ആഭിമുഖ്യത്തില്‍ പദ്ധതിയുടെ സാധ്യതാപഠനം നടത്തിയിരുന്നു.
ബംഗളൂരു നഗരത്തിലെ 19 തടാകങ്ങള്‍ ഇത്തരത്തില്‍ ഫ്ലോട്ടിങ് ഫോട്ടോവോള്‍ടെയ്ക് (എഫ്.പി.വി) പാനലുകള്‍ സ്ഥാപിക്കാൻ അനുയോജ്യമാണെന്നാണ് കണ്ടെത്തല്‍. നഗരത്തില്‍ തടാകങ്ങളില്‍ ആകെ 1.25 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് സോളാർ പാനലുകള്‍ സ്ഥാപിക്കുക വഴി 20.8 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കർണാടക ടാങ്ക് കണ്‍സർവേഷൻ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ അനുമതിയും പദ്ധതിക്ക് ലഭിച്ചു.