ബെംഗളൂരു: മാലിന്യം കൈകാര്യംചെയ്യുന്നതിൽ വെല്ലുവിളികളേറെയുള്ള നഗരത്തിൽ ദിവസേനയുള്ള മാലിന്യശേഖരം 6000 മെട്രിക് ടൺ ആയി. ദിവസേന കുമിഞ്ഞുകൂടുന്ന മാലിന്യം കൈകാര്യംചെയ്യാൻ ബെംഗളൂരു കോർപ്പറേഷൻ(ബി.ബി.എം.പി.) ബുദ്ധിമുട്ടുകയാണ്. ദേശീയ ഹരിതട്രിബ്യൂണലിന്റെ നിർദേശം അവഗണിച്ച് നഗരത്തിലുടനീളം മാലിന്യം കുമിഞ്ഞുകൂടുന്നത് വെല്ലുവിളിയാവുകയാണ്. ഗാർഹികമാലിന്യശേഖരണം കൂടുതലായതിനാൽ മാലിന്യം തള്ളാനും സ്ഥലം തികയുന്നില്ല. നിലവിൽ ബി.ബി.എം.പി. പരിധിക്കുള്ളിലെ മിറ്റിഗനഹള്ളി മാത്രമാണ് മാലിന്യംതള്ളാൻ പര്യാപ്തമായ സ്ഥലം. നഗരത്തിൽ ഏഴ് മാലിന്യ സംസ്കരണ യൂണിറ്റുകളുണ്ടെങ്കിലും പലതും പ്രവർത്തനരഹിതമാണ്.
സാങ്കേതികപ്രശ്നങ്ങളും പരിസരവാസികളുടെ എതിർപ്പുമാണ് പ്രധാന കാരണം. അതേസമയം ബിഡദിയിൽ വരാനിരിക്കുന്ന, മാലിന്യത്തിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ബി.ബി.എം.പി.ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ യെലഹങ്കയിൽ ഊർജവകുപ്പ് ദ്രവീകൃത പ്രകൃതിവാതക അധിഷ്ഠിത പവർപ്ലാന്റും സ്ഥാപിക്കുന്നുണ്ട്.ഫലപ്രദമായ മാലിന്യസംസ്കരണത്തിന് പൗരൻമാരുടെ സഹകരണം ആവശ്യമാണെന്ന് ബി.ബി.എം.പി. ചീഫ് എൻജിനിയർ പറഞ്ഞു. മാലിന്യസംസ്കരണം കൂട്ടുത്തരവാദിത്തമാണെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ വാദം. മാലിന്യസംസ്കരണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്.
അതേസമയം, മാലിന്യപ്രശ്നം നേരിടാൻ പുതിയപദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കോർപ്പറേഷന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളുണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. മാലിന്യസംസ്കരണത്തിൽ പൗരൻമാരെയും കമ്യൂണിറ്റി ഗ്രൂപ്പുകളെയും ഉൾപ്പെടുത്തുന്നത് ബി.ബി.എം.പി. നിർത്തിയതായി ആരോപണമുണ്ട്. ഉറവിടത്തിൽത്തന്നെ മാലിന്യം വേർതിരിക്കുന്നതിന് ബി.ബി.എം.പി. അടിയന്തരമായി മുൻഗണന നൽകണമെന്നും പാലിക്കാത്തവർക്കെതിരേ കർശന നടപടികളെടുക്കണമെന്നും പരിസ്ഥിതിപ്രവർത്തകർ പറയുന്നു.
ഓരോ വാർഡിലും വികേന്ദ്രീകൃത മാലിന്യസംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നത് ഗുണംചെയ്യും. മാലിന്യം കുറയ്ക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. ബി.ബി.എം.പി. പ്രാദേശിക സമൂഹങ്ങളുമായും പരിസ്ഥിതിസംഘടനകളുമായും സഹകരിച്ച് സുസ്ഥിര മാലിന്യസംസ്കരണരീതി വികസിപ്പിക്കണമെന്നും ഇവർ പറയുന്നു