ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്‌തു. തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്‌ച ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് കേന്ദ്ര ബിജെപി നേതൃത്വം മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ബൊമ്മൈയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി സാമാജികരുടെ യോഗം ചേര്‍ന്ന് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബംഗളൂരുവില്‍ നടന്ന ലളിതമായ ചടങ്ങില്‍ യെദ്യൂരപ്പയും സന്നിഹിതനായിരുന്നു. ചടങ്ങിന് മുന്‍പ് 61കാരനായ ബൊമ്മൈ യെദ്യൂരപ്പയെ കണ്ട് അനുഗ്രഹം വാങ്ങി. സത്യപ്രതിജ്ഞയ്‌ക്ക് എത്തുംമുന്‍പ് ക്ഷേത്രദര്‍ശനവും നടത്തി.
കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗാവോന്‍ മണ്ഡലത്തെ കഴിഞ്ഞ മൂന്ന് തവണയായി പ്രതിനിധീകരിക്കുന്ന ബൊമ്മൈ സംസ്ഥാനത്തെ ശക്തനായ ലിംഗായത്ത് സമുദായ നേതാവാണ്. വീരശൈവ-ലിംഗായത്ത് വിഭാഗമാണ് കര്‍ണാടകയിലെ ആകെ ജനസംഖ്യയില്‍ 16 ശതമാനവും. അതിനാല്‍ തന്നെ സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്കും യെദ്യൂരപ്പയുടെ താല്‍പര്യങ്ങള്‍ക്കും ഉതകിയ ശക്തനായ നേതാവിനെ തന്നെയാണാ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ജനതാദള്‍ നേതാവും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.ആര്‍ ബൊമ്മൈയുടെ മകനാണ് ബസവരാജ ബൊമ്മൈ. 1980കളില്‍ ജനതാദളിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 2008ല്‍ ബിജെപി അംഗമായി. രണ്ടുവട്ടം കര്‍ണാടക ലെജിസ്ളേറ്റിവ് കൗണ്‍സില്‍ അംഗമായി. ജെ.എച്ച് പാട്ടീല്‍ മുഖ്യമന്ത്രിയായപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി. പിന്നീട് ബിജെപിയിലെത്തിയപ്പോള്‍ യെദ്യൂരപ്പയുടെ വിശ്വസ്‌തനായി നിലകൊണ്ടു.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ടാറ്റാ മോട്ടോഴ്‌സില്‍ ജോലി നോക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികളും വെളളപ്പൊക്കം മൂലമുളള പ്രശ്‌നങ്ങളുമാണ് ആദ്യ ക്യാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്‌തത്.