Home Featured മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്‌ലിം വനിതയായി ബാനു മുഷ്താഖ്

മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്‌ലിം വനിതയായി ബാനു മുഷ്താഖ്

by admin

ലോകപ്രശസ്തമായ മൈസൂരു ദസറ ഉത്സവമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ ഉദ്ഘാടനം നിർവഹിച്ച്‌ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവായ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ്.ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്ത് ദേവിയുടെ വിഗ്രഹത്തില്‍ പുഷ്പാർച്ചന നടത്തിയാണ് ബാനു ദസറ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തു.ഈ ചടങ്ങോടെ, മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്ലിം വനിതയായി ബാനു മുഷ്താഖ് മാറി.

ദസറ ഉദ്ഘാടനം ചെയ്ത അഞ്ചാമത്തെ വനിത എന്ന പ്രത്യേകതയും അവർക്കുണ്ട്. “ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ചാമുണ്ഡേശ്വരി ദേവിയുടെ അനുഗ്രഹത്തിന് നന്ദി,” ഉദ്ഘാടന വേദിയില്‍ ബാനു പറഞ്ഞു.ഐക്യത്തിന്റെ സന്ദേശം”ഇത് ഈ നാടിന്റെ സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ്. ഈ മണ്ണില്‍ ജനിച്ച ഓരോരുത്തർക്കും ഇതില്‍ അർഹമായ പങ്കുണ്ട്,” വിമർശകർക്ക് മറുപടിയായി ബാനു വ്യക്തമാക്കി. “എന്നെ എതിർത്തവർക്ക്, എന്റെ പ്രസംഗത്തിലൂടെ ഞാൻ ഐക്യത്തിന്റെ സന്ദേശമാണ് നല്‍കിയത്. എല്ലാവർക്കും തുല്യ പങ്കും കരുതലും ഉള്ള ഒരു സ്നേഹസമൂഹം നമുക്ക് നിർമിക്കാം,” അവർ പറഞ്ഞു.”

ഇത് എല്ലാ സമൂഹങ്ങള്‍ക്കും സമാധാനത്തിന്റെ പൂന്തോട്ടമാണ്. നമുക്ക് പരസ്പരം ബഹുമാനിക്കാം. ഈ ദേശത്തെ പൂക്കള്‍ ഐക്യത്തോടെ വിരിയട്ടെ. നമ്മുടെ ഉള്ളിലെ വിദ്വേഷവും അസഹിഷ്ണുതയും ഇല്ലാതാകട്ടെ,” തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ബാനു ആഹ്വാനം ചെയ്തു. “ഇവിടെ കത്തിക്കുന്ന വിളക്ക് മനുഷ്യവർഗത്തിന് സമാധാനവും ക്ഷമയും നീതിയും പകരട്ടെ. ഈ വിളക്ക് ലോകം മുഴുവൻ പ്രകാശിപ്പിക്കട്ടെ,” അവർ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group