ചെന്നൈ: സാങ്കേതിക പിഴവിനെ തുടർന്ന് തമിഴ്നാട് മർക്കന്റയിൽ ബാങ്കിലെ തന്റെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ എത്താനുണ്ടായ സാഹചര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടാക്സി ഡ്രൈവർ പോലീസ് കമ്മിഷണർക്കു പരാതി നൽകി.ബാങ്കിന്റെ സാങ്കേതികപ്പിഴവിനെ തുടർന്നാണു കഴിഞ്ഞ 9നു ടാക്സി ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയത്. അരമണിക്കൂറിനുള്ളിൽ തമിഴ്നാട് മർക്കന്റയിൽ ബാങ്ക് അധികൃതർ വിളിച്ച് പണം അബദ്ധത്തിൽ അയച്ചതാണെന്നു അറിയിച്ചിരുന്നു. എന്നാൽ, ഈ സമയത്ത് 21000 രൂപ രാജ്കുമാർ മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചു നൽകിയിരുന്നു.
ഇതോടെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്നാണ് രാജ് കുമാർ ആരോപിക്കുന്നത്. സംഭവത്തിൽ ഇയാൾ പോലീസിലും പരാതി നൽകിയിരുന്നു. ഒടുവിൽ ഇരു വിഭാഗവും പരസ്പര ധാരണയിലെത്തിയാണു പ്രശ്നം അവസാനിപ്പിച്ചിരുന്നത്.