2024-2025 അധ്യയന വർഷത്തേക്ക് സ്വകാര്യ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്‌സുകളുടെ ഫീസ് 10 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ എം സി സുധാകർ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ ശരൺ പ്രകാശ് പാട്ടീൽ, സ്വകാര്യ എയ്ഡഡ്, അൺ എയ്ഡഡ് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കർണാടക അൺ എയ്ഡഡ് പ്രൈവറ്റ് എൻജിനീയറിങ് കോളജ് അസോസിയേഷൻ (KUPECA) ഭാരവാഹികൾ എന്നിവർ വെള്ളിയാഴ്ചയാണ് ഫീസ് വർധന സംബന്ധിച്ച് ധാരണയിലെത്തിയത്.
15 ശതമാനം ഫീസ് വർധിപ്പിക്കണമെന്ന് സ്വകാര്യ പ്രഫഷനൽ കോളജ് മാനേജ്‌മെൻ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് 10 ശതമാനം വർധിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു.
2023ൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ 3 ശതമാനം ഫീസ് കുറയ്ക്കുകയും പിന്നീട് 7 ശതമാനം മാത്രം ഫീസ് വർധിപ്പിക്കാൻ അനുവദിക്കുകയും ചെയ്തതിൽ അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, മുൻ ബിജെപി സർക്കാർ ഫീസ് 10 ശതമാനം വർദ്ധിപ്പിക്കുകയും 2022-23 അധ്യയന വർഷം മുതൽ എല്ലാ വർഷവും 10 ശതമാനം വർദ്ധനവ് ഉറപ്പ് നൽകുകയും ചെയ്തിരുന്നു, അസോസിയേഷൻ ചൂണ്ടിക്കാട്ടി.
മുൻ സർക്കാർ അംഗീകരിച്ച വർദ്ധന കുറച്ചത് തങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും ശമ്പളം നൽകാനും മെയിൻ്റനൻസ് പണം കണ്ടെത്താനും ബുദ്ധിമുട്ടുകയാണെന്നും പ്രൈവറ്റ് മാനേജ്‌മെൻ്റ് അസോസിയേഷനുകൾ പറഞ്ഞു.