ബംഗളൂരു: സൗജന്യ വിതരണത്തിന് എത്തിച്ച കൊവിഡ് വാക്സിന് മറിച്ചുവിറ്റു. ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന തട്ടിപ്പില്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്നു പേരെ പോലീസ് പിടികൂടി. 500 രൂപയ്ക്കാണ് ഇവര്‍ വാക്സിന് മറിച്ചുവിറ്റിരുന്നത്. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും, കരിഞ്ചന്തയിലെ കൊവിഡ് മരുന്നു വില്പനയും നഗരത്തില്‍ തുടരുന്ന വേളയിലാണ് ഡോക്ടര്‍ തന്നെ അറസ്റ്റിലായത്.
കേന്ദ്രത്തില്‍, കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്. ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്സിന് ഡോക്ടര്‍ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തുകയായിരുന്നു. തുടര്‍ന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്തെന്നും പോലീസ് പറയുന്നു. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബംഗളൂരു വെസ്റ്റ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകുകയും റെംഡെസിവിർ മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുകയും ചെയ്ത ഡോക്ടർ അടക്കം നാലുപേർ ബെംഗളൂരുവിൽ പിടിയിലായി. ഇവരിൽ നിന്നും 11 വയൽ റെംഡെസിവിർ മരുന്നുകളും പിടിച്ചെടുത്തു. ചാമരാജ് പേട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രജിൽ (27), മെഡിക്കൽ ഓഫീസർ ബി. ശേഖർ (25), സ്വകാര്യ ആശുപത്രി ജീവനക്കാരായ കിഷോർ (22), വി മോഹൻ (29) എന്നിവരാണ് അറസ്റ്റിലായത്. അൾസൂരു പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാൽവർ സംഘത്ത വലയിലാക്കിയത്. 500 രൂപയാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റിന് ഈടാക്കിയത്. റെ ഡെസിവിർ മരുന്നുകൾ 25000 രൂപക്കാണ് വിറ്റിരുന്നത്.