കഴിഞ്ഞ വർഷം ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതിനെ തുടർന്നുള്ള അന്വേഷണങ്ങൾ ദക്ഷിണേന്ത്യയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയി വിൽക്കുന്നതിൽ ഉൾപ്പെട്ടിരുന്ന ഒരു വലിയ ശൃംഖല കണ്ടെത്താൻ സഹായിച്ചു. ബെംഗളൂരു പോലീസ് ഇതുവരെ 15 കുട്ടികളെ രക്ഷിക്കുകയും നെറ്റ്‌വർക്കിലെ അഞ്ച് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അഞ്ച് വർഷത്തിനിടെ സംഘം 28 കുഞ്ഞുങ്ങളെ 3 ലക്ഷം മുതൽ 20 ലക്ഷം രൂപയ്ക്ക് വരെ വിറ്റതായി വൃത്തങ്ങൾ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് 10 ദിവസം മുതൽ മൂന്ന് മാസം വരെ പ്രായമുണ്ടായിരുന്നു. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ സംഘത്തിന് നെറ്റ്‌വർക്കുകൾ ഉള്ളതായി തെളിഞ്ഞു.
ബെംഗളൂരുവിൽ താമസിക്കുന്ന ദേവി ഷൺമുഖം, രഞ്ജന ദേവി ദാസ്, മഹേഷ് കുമാർ, ധനലക്ഷ്മി, ജനാർദനൻ എന്നിവരാണ് അറസ്റ്റിലായത്. വിജയനഗർ നിവാസിയും സംഘത്തിലെ നേതാവുമായ രത്‌ന കോവിഡ് -19 മൂലം മരിച്ചിരുന്നു, ഇത് അന്വേഷണത്തെ ബാധിച്ചുവെന്ന് പോലീസ് പറഞ്ഞു
പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കുട്ടികളെ ആവശ്യമുള്ള ദമ്പതികളെയും അവരെ വിൽക്കാൻ തയ്യാറായവരെയും നെറ്റ്‌വർക്ക് തേടിപിടിക്കുകയായിരുന്നു. ചില സന്ദർഭങ്ങളിൽ, നവജാത ശിശുക്കളെ ആശുപത്രികളിൽ നിന്ന് മോഷ്ടിച്ചു ആവശ്യകാർക്ക് വിൽക്കുകയാണ് പതിവ്.