തൃശൂര്‍: ബാംഗ്ലൂരില്‍നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തിയ യുവാവിനെ കൊരട്ടി പോലീസ് പിടികൂടി. കണ്ണൂര്‍ ഇരിട്ടി വിളമന സ്വദേശി മലയില്‍വീട്ടില്‍ അമല്‍കൃഷ്ണ (27)ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും 15 ഗ്രാമോളം എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തു.
കൊരട്ടി ജങ്ഷനില്‍ സംശയാസ്പദമായ നിലയില്‍ കണ്ട യാത്രക്കാരനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. പോക്കറ്റില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബാംഗ്ലൂരില്‍നിന്നും പല പല വാഹനങ്ങള്‍ മാറി കയറിയാണ് കൊരട്ടിയിലെത്തിയതെന്നും പ്രതി പോലീസില്‍ പറഞ്ഞു.