Home Featured പത്തുവരിയായി വികസിപ്പിച്ച്‌ ബെംഗളൂരു – മൈസൂരു ദേശീയപാത; മാര്‍ച്ച്‌ 11ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ആദ്യഘട്ട ടോള്‍പിരിവ് നാളെ മുതല്‍

പത്തുവരിയായി വികസിപ്പിച്ച്‌ ബെംഗളൂരു – മൈസൂരു ദേശീയപാത; മാര്‍ച്ച്‌ 11ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ആദ്യഘട്ട ടോള്‍പിരിവ് നാളെ മുതല്‍

by admin

ബെംഗളൂരു: പത്തുവരിയായി വികസിപ്പിച്ച ബെംഗളൂരു – മൈസുരു ദേശീയപാതയുടെ ഉദ്ഘാടനം മാര്‍ച്ച്‌ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ദേശീയപാത 8,172 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. 118 കിലോമീറ്റര്‍ ദൂരം പിന്നിടാനുള്ള യാത്രാസമയം ഒരുമണിക്കൂര്‍ 10 മിനിറ്റായി ചുരുങ്ങും.

അതേ സമയം ദേശീയപാതയിലെ ആദ്യഘട്ടത്തില്‍ ടോള്‍ പിരിവ് നാളെ മുതല്‍ തുടക്കമാകും. ബെംഗളൂരു കുമ്ബല്‍ഗോഡ് മുതല്‍ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റര്‍ പാതയിലെ ടോള്‍ പിരിവാണ് തുടങ്ങുക.

രാമനഗര ജില്ലയിലെ ബിഡദി കണമിണിക്കെയിലാണ് രണ്ട് ഇടങ്ങളിലായി ടോള്‍ ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളുരുവില്‍നിന്ന് മൈസൂരു ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ക്ക് ബിഡദി കണമിണിക്കെയിലും, മൈസൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന നിദ്ദഘട്ട മൈസൂരു 61 കിലോമീറ്റര്‍ ദൂരത്തെ ടോള്‍ പിരിവ് ഉദ്ഘാടനത്തിനു ശേഷം ആരംഭിക്കുമെന്ന് എന്‍എച്ച്‌എഐ പ്രൊജക്‌ട് ഡയറക്ടര്‍ ബി.ടി.ശ്രീധര്‍ പറഞ്ഞു. രണ്ടാംഘട്ടത്തിലെ ടോള്‍ ബൂത്ത് ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്ന രാമനഗര ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് നിരക്കിളവ് ലഭിക്കും. കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് 70 രൂപയും ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 110 രൂപയും ബസ്, ലോറി എന്നിവയ്ക്ക് 230 രൂപയുമാണ് ഇരുവശങ്ങളിലേക്കുള്ള നിരക്ക്.

ഓരോ ടോള്‍ പ്ലാസയിലും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഫാസ്ടാഗ് സംവിധാനത്തോടെയുള്ള 11 ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ബിഒടി അടിസ്ഥാനത്തില്‍ നവീകരിച്ച ദേശീയപാതകളില്‍ കിലോമീറ്ററിന് 1.5 രൂപ മുതല്‍ 2 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. റോഡിന്റെ നീളം, പാലങ്ങള്‍, അടിപ്പാതകള്‍ എന്നിവ പരിഗണിച്ചാണ് ടോള്‍ നിശ്ചയിക്കുന്നത്. 118 കിലോമീറ്റര്‍ വരുന്ന ബെംഗളൂരുമൈസൂരു ദേശീയപാതയില്‍ 9 വലിയ പാലങ്ങളും 42 ചെറിയ പാലങ്ങളും 64 അടിപ്പാതകളും 11 മേല്‍പാലങ്ങളും 5 ബൈപ്പാസുകളുമാണ് പുതുതായി നിര്‍മ്മിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group