Home Featured ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങി: വന്‍ തുക പിരിക്കുന്നുവെന്ന് പരാതി, പ്രതിഷേധം

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങി: വന്‍ തുക പിരിക്കുന്നുവെന്ന് പരാതി, പ്രതിഷേധം

by admin

ബെംഗളൂരു: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് തുടങ്ങി. 135 രൂപ മുതല്‍ 880 രൂപ വരെയാണ് ഈടാക്കുന്നത്. വന്‍ തുക ടോള്‍ ആയി പിരിക്കാന്‍ തുടങ്ങിയതോടെ കനിമിനികേയിലെ ടോള്‍ പ്ലാസയ്ക്ക് സമീപം പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു.

ഞായറാഴ്ചയാണ് എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ബെംഗളൂരു മുതല്‍ മാണ്ഡ്യയിലെ നിദാഘട്ട വരെയും നിദാഘട്ട മുതല്‍ മൈസൂരു വരെയുമായി രണ്ട് ഭാഗങ്ങളിലായാണ് അതിവേഗ പാത. ബെംഗളൂരി-നിദാഘട്ട റീച്ചില്‍ രാവിലെ എട്ട് മണിക്കാരംഭിച്ച ടോള്‍ പിരിവില്‍ വാഹനങ്ങളെ ആറായി തിരിച്ചാണ് ടോള്‍ ഈടാക്കുന്നത്.കാര്‍,ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ 135 രൂപയും ഏഴിലധികം ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് 880 രൂപയുമാണ് ടോള്‍നിരക്ക്. ഇതിനിടയിലാണ് മറ്റ് വാഹനങ്ങളുടെ നിരക്ക് വരിക.

ബിജെപി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നാണ് പത്ത് വരിപ്പാതയായ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ. ഏകദേശം 9000 കോടി രൂപയോളമാണ് പാതയ്ക്കായി ചെലവാക്കിയത്. നിലവില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ വേണ്ടി വരുന്ന ബെംഗളൂരു-മൈസൂര്‍ യാത്രാസമയം എക്‌സ്പ്രസ് വേയുടെ നിര്‍മാണത്തോടെ മൂന്നിലൊന്നായി കുറയുമെന്നാണ് കണക്കാക്കുന്നത്.

118 കിലോമീറ്ററില്‍ നിര്‍മിച്ചിരിക്കുന്ന പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഇത് പൂര്‍ത്തിയാകുന്നത് വരെ ടോള്‍ പിരിക്കില്ലെന്നായിരുന്നു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. പൂര്‍ത്തിയാകാത്ത പാത ഉദ്ഘാടനം ചെയ്തതിന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ അടക്കം നിരവധി പേര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ടോള്‍ പിരിവ് കനത്തതോടെ ടോള്‍ പ്ലാസയിലെ ഒരു ടൂള്‍ ഗേറ്റ് സെന്‍സര്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. നിലവില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് പ്ലാസ.

You may also like

error: Content is protected !!
Join Our WhatsApp Group