പുല്‍പ്പള്ളി: ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേ സുല്‍ത്താന്‍ ബത്തേരിക്ക് നീട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന കേന്ദ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ആം ആദ്മി പുല്‍പ്പള്ളി മേഖല കമ്മിറ്റി അറിയിച്ചു.എല്ലാ കാര്യത്തിലും കടുത്ത അവഗണന നേരിടുന്ന വയനാടിന്റെ വികസനത്തിന് പാത ഉപകരിക്കുമെന്നും എക്സ്പ്രസ് ഹൈവേ കടന്നു പോകുന്ന വനഭാഗത്തിനടിയില് കൂടി മൃഗങ്ങള്‍ക്ക് സഞ്ചാരിക്കാവുന്ന വിധത്തില്‍ ആക്കി ഇപ്പോഴുള്ള രാത്രികാല ഗതാഗത നിയന്ത്രണങ്ങള്‍ നീക്കാന്‍ വേണ്ട നടപടികളും സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
അതോടൊപ്പം തളിപ്പുഴ – ചിപ്പിലിത്തോട് ബൈപാസും കൂടി നിര്‍മിച്ച് വയനാട്ടുകാരുടെ യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി പുല്‍പ്പളളി, മുള്ളന്‍കൊല്ലി കമ്മിറ്റികള്‍ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു.
മുള്ളന്‍കൊല്ലി പഞ്ചായത്ത് കണ്‍വീനര്‍ ലിയോ കൊല്ലവേലില്‍ ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി പഞ്ചായത്ത് കണ്‍വീനര്‍ ബേബി തയ്യില്‍ അധ്യക്ഷത വഹിച്ചു. ഒ.എം. തോമസ്, കെ.സി. വര്‍ഗീസ്, അജി ഏബ്രാഹം, ഷാജി വണ്ടന്നൂര്‍, ഷിനോജ് കണ്ണംപള്ളി, സജി പനച്ചകത്തേല്, എ.എം. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു