ബെംഗളൂരു : നഗരത്തിൽ മാത്രമല്ല സംസ്ഥാനത്ത് ആകമാനം കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ.
നിലവിലുള്ള സാഹചര്യത്തിൽ ഒരു കാരണവശാലും ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല എന്ന് അദ്ധേഹം ബിദറിൽ പറഞ്ഞു.
അവശ്യമെങ്കിൽ സംസ്ഥാനത്ത് ലോക് ഡൗൺപ്രഖ്യാപിക്കേണ്ടി വരും എന്ന് തിങ്കളാഴ്ച മുഖ്യമന്ത്രിയുടേതായി പുറത്തു വന്ന പ്രസ്താവനയെ തുടർന്ന് സംസ്ഥാനത്ത് ഉടൻ ലോക്ക് ഡൗൺ ഉണ്ടാകുമെന്ന രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
ആശങ്കയായി കോവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളിൽ രോഗികൾ
വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ.സുധാകർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
എന്നാൽ താനും ഈ സമിതിയിലുണ്ടെന്നും ഇത്തരമൊരു നിർദേശം ആരും മുന്നോട്ടുവച്ചിട്ടില്ലെന്നും യെഡിയൂരപ്പപറഞ്ഞു.
രണ്ടാം തരംഗത്തിനു തടയിടാൻ ജനം പരമാവധി സഹകരിക്കേണ്ടതുണ്ട്.
സുരക്ഷാ ജാഗ്രതകൾ ജനം മറന്നുപോകുന്ന സാഹചര്യമുണ്ടാകരുത്. ദുരന്തമാകും ഫലം.
ഭാവി നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കാൻ 18നു സർവകക്ഷി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ വ്യക്തമാക്കി.
സർവകക്ഷി യോഗം വേണമെന്ന് ആവശ്യപ്പെട്ടത് ശിവകുമാറാണെന്നും പങ്കെടുക്കണോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.