മംഗളൂരു നഗരത്തില്‍ വീണ്ടും കൊലപാതകം. ബജ്റംഗ്ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം കിന്നിപ്പടവ് ബാജ്പെയിലാണ് സംഭവം.ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാനപ്രതിയാണ് സുഹാസ് ഷെട്ടി. യുവമോർച്ചാ നേതാവ് പ്രവീർ നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെടുന്നത്.സംഭവത്തിന് പിന്നാലെ നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി.
മംഗളുരു പൊലീസിന്റെ റൗഡി പട്ടികയില്‍ പെട്ട ആള്‍ കൂടിയാണ് സുഹാസ്. ഫാസില്‍ വധക്കേസില്‍ ജാമ്യത്തില്‍ ആയിരുന്നു. 2022 ജൂലൈ 28-നാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. ഈ കേസിലെ മുഖ്യപ്രതി ആണ് സുഹാസ് ഷെട്ടി. ബജ്രംഗ്ദളിന്റെ ഗോ സംരക്ഷണ വിഭാഗത്തിലെ നേതാവ് ആയിരുന്നു അന്ന് സുഹാസ് പ്രവർത്തിച്ചിരുന്നത്. സംഭവത്തില്‍ ബാജ്പേ പൊലിസ് കേസ് അന്വേഷണം തുടങ്ങി. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി; പിന്നാലെ യുവതി ജീവനൊടുക്കി
ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.കാണ്‍പൂർ സ്വദേശിയായ സലാവൂദ്ദീന്റെ ഭാര്യ സാനിയ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ആരോപണമുണ്ട്. ഭർതൃവീട്ടിലെ പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്നും യുവതിയുടെ കുടുംബം പറയുന്നു.
യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവ് സലാവുദ്ദീനെതിരെയും ഇയാളുടെ ഏഴു ബന്ധുക്കളെയും പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.മഹാരാഷ്‌ട്രയിലാണ് സലാവുദ്ദീൻ ജോലി ചെയുന്നത്. 2023 ഓഗസ്റ്റ് 7 നായിരുന്നു ഇരുവരുടെയും വിവാഹം. ഭർതൃവീട്ടുകാരുടെ ആവശ്യപ്രകാരമുള്ള സ്ത്രീധനം നല്‍കിയെന്നും യുവതിയുടെ കുടുംബം പറയുന്നു. എന്നാല്‍, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു.
തിങ്കളാഴ്ച സലാവുദ്ദീൻ ഒരു ഫോണ്‍ കോളിലൂടെ ഭാര്യ സാനിയയെ മുത്തലാഖ് ചൊല്ലിയതായും അവരെ അധിക്ഷേപിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ മനംനൊന്ത് സാനിയ അന്ന് രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നു.യുവതിയുടെ ഭർത്താവ്, അമ്മ സൈറ, ഭർതൃ സഹോദരിമാരായ ആസിയ, ഖുഷ്ബു, റോസി, ഭർതൃ സഹോദരന്മാരായ സിയാ-ഉള്‍-ഔദ്ദീൻ, ബലൗദ്ദീൻ എന്നിവർ സ്ത്രീധനത്തിനായി സാനിയയെ തുടർച്ചയായി പീഡിപ്പിച്ചുവെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു