ബംഗളൂരു : എജ്യു-ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് അടുത്തിടെ വലിയ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ദൈനം ദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. ഇപ്പോള്‍ ദുബായില്‍ നിന്ന് 100 കോടി ഡോളര്‍ സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയമായിരുന്നു. ഈ സമയത്ത് നിക്ഷേപകരുടെ മുന്നില്‍ പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ദുബായില്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയത്. മിഡില്‍ ഈസ്റ്റേണ്‍ നിക്ഷേപകരില്‍ നിന്ന് 1 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി ഫണ്ട് സമാഹരണം അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് ബൈജു രവീന്ദ്രന് പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. മീറ്റിംഗില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചയ്യുന്നത്.
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നും ഓഹരി മൂലധനം സമാഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നും കമ്ബനി വിദേശങ്ങളില്‍ നിന്ന് വായ്പയെടുത്തിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു. 2020ന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രധാന്യമേറിയതോടെയാണ് ബൈജൂസിന്റെ മൂല്യം കുതിച്ചുകയറിയത്. ഈ സമയത്ത് നിക്ഷേപം ഒഴുകിവന്നതോടെ വലിയ തോതിലുള്ള ഏറ്റെടുക്കലുകളും കമ്ബനി നടത്തി.
എന്നാല്‍ കൊവിഡ് പ്രതിസന്ധി അവസാനിച്ച് സ്‌കൂളുകളും കോളേജുകളും തുറന്നതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഇടിയുകയും ബൈജൂവിന്റെ വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ഈ സമയത്ത് വരുമാനം പെരുപ്പിച്ച് കാണിച്ചത് കമ്ബനിക്ക് വലിയ തിരിച്ചടിക്ക് കാരണമായി. കൂടാതെ വിദേശ പണമിടപാടുകളുടെ പേരില്‍ ഇ ഡി റെയ്ഡുകള്‍ കൂടിയായതോടെ പ്രതിസന്ധിയുടെ ആഴം കൂടി.
ഇതോടെയാണ് ഓഹരിയുടമകളുടെ പ്രതിനിധികള്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ സാമ്ബത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പുറത്തുവിട്ടിട്ടില്ല. ഇതിനിടെ .ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിലെ വന്‍കിട കെട്ടിട സമുച്ചയങ്ങളിലെ ഓഫീസ് ബൈജൂസ് ഒഴിഞ്ഞിരുന്നു.
5.58 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഓഫീസാണ് ബൈജൂസ് ഒഴിഞ്ഞത്. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനും വീട്ടിലിരുന്ന് ജോലി ചെയ്യാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വന്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞ് വാടക ചെലവ് കുറയ്ക്കുന്നതിനാണ് കമ്ബനിയുടെ തീരുമാനം. കഴിഞ്ഞ മാസം 1000 ജീവനക്കാരെ കമ്ബനി പിരിച്ചുവിട്ടിരുന്നു.
2020ലെ ബെംഗളൂരു സംഘര്‍ഷം; കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ 2020ലുണ്ടായ സംഘര്‍ഷങ്ങളിലും പ്രതിഷേധങ്ങളിലും നിരപരാധികള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികളുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
ബെംഗളൂരുവിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിലും ശിവമൊഗ്ഗ, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായ വിവിധ അക്രമസംഭവങ്ങളില്‍ നിരവധി യുവാക്കള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തിയിട്ടുണ്ട്. ഇവരില്‍ പലരും ജയിലിലാണ്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് മുന്‍മന്ത്രിയും നരസിംഹരാജ മണ്ഡലം എം.എല്‍.എയുമായ തന്‍വീര്‍ സേഠ് ആണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യം പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍-സിവില്‍ ഡിഫന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്. ആവശ്യമായ പരിശോധന നടത്തിയും നിയമം പാലിച്ചും മാത്രമേ നടപടികള്‍ സ്വീകരിക്കൂവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
2020 ആഗസ്റ്റിലാണ് ബെംഗളൂരുവിലെ ഡി.ജെ ഹള്ളിയിലും കെ.ജി ഹള്ളിയിലും അക്രമങ്ങള്‍ നടന്നത്. മുഹമ്മദ് നബിയെപ്പറ്റി അന്നത്തെ പുലികേശിനഗര്‍ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു സമൂഹമാധ്യമങ്ങളില്‍ നടത്തിയ മോശം പരാമര്‍ശത്തെതുടര്‍ന്നായിരുന്നു സംഘര്‍ഷം. മൂന്നുപേര്‍ മരിക്കുകയും 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എം.എല്‍.എയുടെ വീടും കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് ശിവമൊഗ്ഗ, ഹുബ്ബള്ളി, മറ്റ് ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധപരിപാടികള്‍ അക്രമാസക്തമാവുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളില്‍ നൂറുകണക്കിന് ന്യൂനപക്ഷവിഭാഗക്കാര്‍ക്കെതിരെയാണ് കള്ളക്കേസ് ചുമത്തപ്പെട്ടത്. അതേസമയം, ഒരു സമുദായത്തിലെ കുറ്റവാളികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.