കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളേജുകളിലെ ബാച്ച്‌ലര്‍ ഓഫ് ഫാര്‍മസി (ബിഫാം) പ്രോഗ്രാമിലെ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം.നാലുവര്‍ഷ ബിഫാം പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്കാണ് പ്രവേശനം.സർക്കാർ, സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ അനുവദനീയമായ സീറ്റുകളുടെ 10 ശതമാനം അധികസീറ്റുകളും ഇരുവിഭാഗം ഫാർമസി കോളേജുകളിലെ ലാപ്സ്ഡ് സീറ്റുകളും ഈ പ്രവേശനത്തിന്റെ പരിധിയില്‍വരും.സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ അനുവദനീയമായ സീറ്റുകളുടെ 10 ശതമാനം ലാറ്ററല്‍ എൻട്രി സീറ്റുകളില്‍ 50 ശതമാനം സീറ്റുകള്‍ ഗവണ്‍മെന്റ് ക്വാട്ട സീറ്റുകളായിരിക്കും.
ഫാർമസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 2020 എജുക്കേഷൻ റെഗുലേഷൻസ് പ്രകാരമുള്ള ഡിപ്ലോമ ഇൻ ഫാർമസി പ്രോഗ്രാം (ഡിഫാം), ഫാർമസി കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകൃതസ്ഥാപനത്തില്‍ പഠിച്ചിരിക്കണം. കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഡിഫാം എക്സാമിനേഷൻസ് നടത്തിയ ഡിപ്ലോമ ഇൻ ഫാർമസി അന്തിമവർഷ പരീക്ഷ/തത്തുല്യ പരീക്ഷ, 50 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. സ്റ്റേറ്റ് ഫാർമസി കൗണ്‍സില്‍ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. ഈ സർട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിട്ടുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ www.cee.kerala.gov.in ന് വഴി നവംബർ 15-ന് വൈകീട്ട് നാലുവരെ നല്‍കാം.