വമ്പന്‍ സൈനിക ശക്തിയായ റഷ്യയും അയല്‍ക്കാരായ ഉക്രൈനും തമ്മിലുളള യുദ്ധം ആഗോള വിപണികളെയടക്കം വന്‍ തകര്‍ച്ചയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ആഗോള സമ്പദ്ഘടനയില്‍ ഒരു യുദ്ധം ഏല്‍പ്പിക്കാവുന്ന പരിക്കുകളും ആഘാതവും സബന്ധച്ച ആശങ്കകളാലുള്ള സ്വാഭാവിക പ്രതികരണം. സംഘര്‍ഷം എത്രത്തോളം മൂര്‍ച്ഛിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി വിപണിയില്‍ ഇടിവ് നേരിടാം. ഈയൊരു പശ്ചാത്തലത്തില്‍ നിക്ഷേപകരുടെ ക്ഷമയും നിക്ഷേപത്തിലുള്ള അച്ചടക്കവും പരീക്ഷിക്കപ്പെടാം. എന്നാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ അങ്ങനെയങ്ങ് പേടിക്കേണ്ട വിഷയങ്ങളില്ലെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന 7 ഘടകങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
1) ശക്തമായ ബാലന്‍സ്ഷീറ്റ്- ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ബാലന്‍സ് ഷീറ്റ് മുമ്പുള്ള കാലഘട്ടത്തേക്കാള്‍ ഇപ്പോള്‍ ശക്തമായ നിലയിലാണ്. മിക്ക മേഖലകളിലും ബാധ്യതകള്‍ കുറയുന്നത് പ്രകടമാണ്. കൂടാതെ കമ്പനികളുടെ പക്കലുള്ള കരുതല്‍ ധനശേഖരത്തിന്റെ അളവും വര്‍ധിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് കമ്പനികളുടെ ആത്മവിശ്വാസവും ഉയര്‍ന്നു.
2) പ്രമോട്ടര്‍മാരുടെ ശുഭാപ്തി വിശ്വാസം- കമ്പനികളുടെ ബിസിനസ് സാധ്യതകളെ കുറിച്ച് മുഖ്യ സംരംഭകര്‍ക്കുള്ള വിശ്വാസവും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ തെളിവെന്നോണം കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിഫ്റ്റി-500 സൂചികയിലുള്ള കമ്പനികളുടെ പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 32 ശതമാനത്തില്‍ നിന്നും 45 ശതമാനത്തിലേക്ക് വര്‍ധിച്ചതായി കാണാനാകും. പ്രത്യേകിച്ചും കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകര്‍ തങ്ങളുടെ കമ്പനികളുടെ ഓഹരി പങ്കാളിത്തം ശരാശരി 3 ശതമാനത്തോളമാണ് വര്‍ധിപ്പിച്ചത്.
3) സ്വകാര്യ കമ്പനികള്‍ ബിസിനസ് വിപുലീകരണത്തിനും ഏറ്റെടുക്കലിനുമായി വകയിരുത്തിയിരിക്കുന്ന പദ്ധതി വിഹിതത്തിലെ ഉണര്‍വ്.
4) സര്‍ക്കാരും മൂലധനച്ചെലവ് വര്‍ധിപ്പിക്കുന്നത്- ഇക്കഴിഞ്ഞ ബജറ്റിലും സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്ന വിധത്തിലുള്ള വിഹിതം മാറ്റിവച്ചിരിക്കുന്നത്. സമ്പദ്ഘടനയുടെ തിരികെ കയറ്റം ഉത്തേജിപ്പിക്കാനുള്ള പദ്ധതികളും വിപണിയിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനായി സ്വകാര്യ മേഖലയോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള നീക്കങ്ങളും ഉത്പാദനം മെച്ചപ്പെടുത്താനുളള ആനുകൂല്യങ്ങളും ഒക്കെ ഇടക്കാലയളവിലെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്.
5) ചൈന+ നയം- കോവിഡ് പ്രതിസന്ധി നല്‍കിയ പാഠത്തില്‍ നിന്നും ഉത്പാദന കേന്ദ്രങ്ങള്‍ വൈവിധ്യവത്കരിക്കാനുള്ള യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികളുടെ നയം ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കുന്ന അധിക അവസകം. 6) പിഎല്‍ഐ സ്‌കീം- ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനായുള്ള ഉത്പാദനാഷ്ഠിത ആനുകൂല്യം (പിഎല്‍ഐ സ്‌കീം) തദ്ദേശീയ, വിദേശ കമ്പനികള്‍ക്കും ഒരുപോലെ ആകര്‍ഷകമാണ്. 7) പുതിയ മേഖലകള്‍- ഹരിത ഈര്‍ജം പോലെ ഇന്ത്യയേയും ഘടനാപരമായി മാറ്റിമറിക്കാവുന്ന പുതിയ നിക്ഷേപ മേഖലകള്‍ തുറന്നിടുന്ന അവസരം.
എന്തായാലും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തിന്റെ നിലവിലുള്ള സാഹചര്യത്തെയും അനന്തര ഫലങ്ങളെയും ഉള്‍ക്കൊള്ളാനായിരിക്കും വിപണി തുടര്‍ന്ന് ശ്രമിക്കുക. കുറച്ചു ആഴ്ചകള്‍ക്കു ശേഷം ഒന്നുകില്‍ യുദ്ധം അവസാനിക്കും അല്ലെങ്കില്‍ അത് നിഴല്‍ യുദ്ധമായി തുടരാനാവും സാധ്യത. റഷ്യക്കെതിരായ ഉപരോധവും അതുമൂലം നഷ്ടപ്പെടുന്ന വ്യാപാരത്തിന്റെ തോതും നിര്‍ണായകമാകും. ഇതിനിടെ, ഏതെങ്കിലും വിധത്തിലുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചാല്‍ വിപണിയില്‍ ആശ്വാസ റാലിയും പ്രതീക്ഷിക്കാം.
അതായത്, പൊടുന്നനേയുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലുള്ള നിക്ഷേപവും പിന്‍വലിക്കലും അധിക വ്യാപരത്തിലേക്കും പോര്‍ട്ട്‌ഫോളിയോയുടെ ആകെത്തുകയേയും പ്രതികൂലമായി ബാധിച്ചേക്കാം. അതിനേക്കാളുപരി നിക്ഷേപത്തിന്റെ അടിസ്ഥാന പാഠങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനവും ദീര്‍ഘകാലയളവിലെ സാധ്യതകളെ വിലയിരുത്തിയുള്ള നിക്ഷേപ രീതിയുമാവും ഉചിതം.
അറിയിപ്പ് മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.