ബെംഗളൂരു സ്മാർട് സിറ്റി പദ്ധതിപ്രകാരം നവീകരിക്കുന്ന അവന്യു റോഡ് അപകടവീഥിയാകുന്നതായി പരാതി ഉയരുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റതോടെ അപായ ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ഗാന്ധിനഗർ സ്വദേശി വിമലിനാണ് പരുക്കേറ്റത്. ഒന്നരവർഷം മുൻപാണ് നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ അവന്യു റോഡിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് നവീകരണം ആരംഭിച്ചത്. കേബിളുകൾ മാറ്റി സ്ഥാപിക്കാനായി റോഡ് വെട്ടിപൊളിച്ചയിടങ്ങളിലെ കുഴികളാണു ഭീഷണിയാകുന്നത്.
തുറന്നുകിടക്കുന്ന കുഴികളുടെ സമീപത്ത് നേരത്തെ വച്ചിരുന്ന ബാരിക്കേഡുകൾ കാണാതായിട്ട് ദിവസങ്ങളായി. നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധവുമായി വ്യാപാരികളും പലതവണ രംഗത്തെത്തിയിരുന്നു. ബിബിഎംപി, ബിഡബ്ല്യുഎസ്എസ്ബി, ബെസ്കോം എന്നീ വകുപ്പുകളുടെ അനാസ്ഥയാണ് നിർമാണം വൈകിച്ചതിന് പിന്നിലെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ റോഡ് പൂർണമായും ഗതാഗതയോഗ്യമാകുമെന്നും സീവേജ് പൈപ്പുകൾ സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലാണെന്നും ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് എംഡി രാജേന്ദ്ര ചോളൻ പറഞ്ഞു.
സുരക്ഷാവരകൾ വീണ്ടുമെത്തുന്നു
സിറോ ടോളറൻസ് ജംക്ഷനുകളിലെ സുരക്ഷാവരകൾ മാഞ്ഞുപോയ സ്ഥലങ്ങളിൽ അവ വീണ്ടും വരയ്ക്കുന്നു. 4 വർഷം മുൻപ് നഗരത്തിലെ പ്രധാനപ്പെട്ട 43 ജംക്ഷനുകൾ സിറോ ടോളറൻസ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞതിന് ശേഷം വാഹനങ്ങൾ മഞ്ഞ വരയിൽ പ്രവേശിച്ചാൽ പിഴ ഈടാക്കും. ജംക്ഷനുകളിൽ ട്രാഫിക് നിയമലംഘനം വർധിച്ചതോടെയാണ് എല്ലാ ഭാഗത്തും നിന്നും കാണാൻ പാകത്തിൽ ജംക്ഷനുകളിൽ മഞ്ഞ ചതുരത്തിൽ സുരക്ഷ വരകൾ ഒരുക്കുന്നത്.