ബെംഗളൂരു: കർണാടകത്തിൽ അതിസുരക്ഷാനമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കേ വാഹനഉടമകൾ ആശങ്കയിൽ. ഈ മാസം 17-നാണ് സമയപരിധി തീരുന്നത്. അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാൽ, അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. അതിനാൽ, സമയപരിധി നീട്ടാനുള്ള സാധ്യതയുണ്ട്.
അതിസുരക്ഷാനമ്പർ പ്ലേറ്റ് എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണെങ്കിലും എന്നുമുതൽ നടപ്പാക്കണമെന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് സ്വന്തം തീരുമാനിക്കാം. 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർചെയ്ത വാഹനങ്ങൾ കഴിഞ്ഞ നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് ഓഗസ്റ്റിൽ കർണാടക ഗതാഗതവകുപ്പ് ഉത്തരവിട്ടത്. പിന്നീട് ഫെബ്രുവരി 17-ലേക്ക് നീട്ടുകയായിരുന്നു. കർണാടക ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റിൽ കയറി എച്ച്.എസ്.ആർ.പി. വിഭാഗത്തിൽ പോയാൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനുവേണ്ടി രജിസ്റ്റർ ചെയ്യാം. സർക്കാർ അംഗീകൃത ഇടപാടുകാർ വഴി മാത്രമേ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ കഴിയൂ. രജിസ്റ്റർ ചെയ്താൽ അംഗീകൃത ഇടപാടുകാർ വാഹനത്തിൽ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിന് വേണ്ടി ഉടമകളെ വിളിക്കും. അപ്പോൾ വാഹനം അവർ പറയുന്ന സ്ഥലത്ത് എത്തിക്കുകയാണ് വേണ്ടത്.
അതേസമയം, നിലവിൽ പ്രവർത്തനമില്ലാത്ത വാഹനകമ്പനികളുടെ പേര് വെബ്‌സൈറ്റിൽ ഇല്ലെന്ന് ആരോപണമുണ്ട്. കമ്പനിയുടെ പേരില്ലാത്തതിനാൽ രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്ന് ഒട്ടേറെ പേർ പരാതിപ്പെടുന്നുണ്ട്. എന്നാൽ, നിലവിൽ പ്രവർത്തിക്കാത്ത കമ്പനികളുടെ പേരും എച്ച്.എസ്.ആർ.പി. വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് പറയുന്നത്.