ബംഗളൂരു: അക്രമവും ധിക്കാരസ്വഭാവവും കാണിക്കുന്നുവെന്ന കാരണം പറഞ്ഞ് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകളെ കൊലപ്പെടുത്തി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍) മുന്‍ ഉദ്യോഗസ്ഥനായ രമേഷ് (60) ആണ് മകള്‍ ആഷയെ (32) തടിക്കഷണം കൊണ്ട് തല്ലിക്കൊന്നത്.
ബുധനാഴ്ച രാത്രി കോടിഗെഹള്ളി ധനലക്ഷ്മി ലേഔട്ടിലെ വീട്ടിലാണ് സംഭവം. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദധാരിയായ ആഷ കോളജില്‍ കൂടെ പഠിച്ചിരുന്ന നാഗരാജിനെ 2019ല്‍ വിവാഹം ചെയ്തിരുന്നു. എന്നാല്‍, അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ബന്ധം ഒഴിഞ്ഞു.
സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ആഷ നാഗരാജിനെതിരെ കോടിഗെഹള്ളി പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡനത്തിന് 2021ല്‍ പരാതി നല്‍കി. ഈ കേസ് ഇപ്പോള്‍ കോടതിയിലാണ്. അതേസമയം, ആഷ പലപ്പോഴും മാതാപിതാക്കളെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ക്രൂരമായി പെരുമാറിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയും പിതാവുമായി വഴക്കിട്ടിരുന്നു.
പത്തുമണിയോടെ ഉറങ്ങാന്‍ കിടന്ന ആഷ 11.30ഓടെ എഴുന്നേറ്റ് മാതാവിനോട് ഭക്ഷണം ആവശ്യപ്പെട്ടു. മാതാവ് ചപ്പാത്തി നല്‍കിയ ശേഷം കിടക്കാന്‍പോയി. ഈസമയം രമേഷ് മകളെ തടിക്കഷണംകൊണ്ട് അടിക്കുകയായിരുന്നു. മരണവിവരം രമേഷ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് ആദ്യം ഇയാള്‍ പറഞ്ഞതെങ്കിലും പൊലീസ് ചോദ്യംചെയ്യലില്‍ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു.
വൈറ്റ് ഫീല്‍ഡ്- കെ.ആര്‍ പുരം മെട്രോ: 25ന് ഓട്ടം തുടങ്ങിയേക്കും
ബംഗളൂരു: വൈറ്റ് ഫീല്‍ഡ്- കെ.ആര്‍ പുരം മെട്രോ പാതയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍. മെട്രോ സേഫ്റ്റി കമീഷണര്‍ നിര്‍ദേശിച്ച പ്രവൃത്തികളാണിവ. വാണിജ്യ സര്‍വിസ് തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ അഞ്ചു മെട്രോ ട്രെയിനുകള്‍ ഈ പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വിസ് നടത്തിയിരുന്നു.
ഇതോടെ പാത പൊതുജനങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുക്കാന്‍ പൂര്‍ണ സജ്ജമായതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 25ന് കെ.ആര്‍. പുരം-വൈറ്റ്ഫീല്‍ഡ് മെട്രോ സര്‍വിസ് തുടങ്ങുമെന്ന് സൂചനകളുണ്ട്.
പ്രവര്‍ത്തനം തുടങ്ങിയാല്‍ 12 മിനിറ്റിന്‍റെ ഇടവേളയിലാണ് പാതയിലൂടെ മെട്രോസര്‍വിസുകളുണ്ടാകുക. കെ.ആര്‍ പുരത്തുനിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് 24 മിനിറ്റിനുള്ളില്‍ എത്താന്‍ കഴിയും. അഞ്ചു മെട്രോ ട്രെയിനുകള്‍ സര്‍വിസിനായി കെ.ആര്‍. പുരത്ത് എത്തിച്ചിട്ടുണ്ട്.
മെട്രോ സര്‍വിസ് തുടങ്ങിക്കഴിഞ്ഞാല്‍ പാതയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സ്റ്റേഷനുകളില്‍നിന്നും സമീപപ്രദേശങ്ങളിലേക്ക് ബി.എം.ടി.സി ഫീഡര്‍ സര്‍വിസുകളും നടത്തും. ഇതിനായി ബി.എം.ആര്‍.സി.എല്‍ ബി.എം.ടി.സിയുമായി കരാറിലെത്തിയിരുന്നു. സൈക്കിള്‍ വാടകക്ക് ലഭ്യമാക്കുന്ന സംവിധാനവും ഈ സ്റ്റേഷനുകളില്‍ സജ്ജീകരിക്കും.
എന്നാല്‍, സര്‍വിസ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. നേരത്തേ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, അന്തിമഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. വൈറ്റ്ഫീല്‍ഡ്-കെ.ആര്‍ പുരം ലൈനിന് ആകെ 12.75 കിലോമീറ്ററാണ് ദൈര്‍ഘ്യം.