ബംഗളൂരു: വൈദ്യുതി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ കൊപ്പലില്‍ ഒരാള്‍ അറസ്റ്റില്‍. സര്‍ക്കാര്‍ സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപിച്ചതിനാല്‍ വൈദ്യുതി ബില്‍ അടക്കാനാവില്ലെന്ന് തര്‍ക്കിക്കുകയും ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ് കൊപ്പല്‍ കുകനപ്പള്ളിയില് ഗൃഹനാഥനെ അറസ്റ്റ് ചെയ്തത്.
ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡിലെ (ഗസ്കോം) ജീവനക്കാരനാണ് മര്‍ദനമേറ്റത്. കര്‍ണാടകയില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് ഗൃഹജ്യോതി.ഒരു വീട്ടില്‍ 200 യൂനിറ്റ് സൗജന്യ വൈദ്യുതി നല്കുന്ന പദ്ധതിയാണിത്.
സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ മന്ത്രിസഭ യോഗത്തില്‍തന്നെ പദ്ധതിക്ക് അനുമതി നല്‍കിയെങ്കിലും ഉത്തരവായി ഇറങ്ങിയിട്ടില്ല. മന്ത്രിസഭ വികസനത്തിന് ശേഷം നടക്കുന്ന അടുത്ത മന്ത്രിസഭ യോഗത്തിലാണ് ഉത്തരവ് പുറപ്പെടുവിക്കുകയെന്നാണ് സിദ്ധരാമയ്യ അറിയിച്ചത്. ഇതിനിടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ബി.ജെ.പി മുൻ എം.എല്‍.എ കോട്ട ശ്രീനിവാസ പൂജാരിയടക്കം പ്രസ്താവന നടത്തിയിരുന്നു.
കര്‍ണാടക മന്ത്രിസഭ: രണ്ടാം പട്ടികയില്‍ തീരുമാനം ഇന്ന്; സത്യപ്രതിജ്ഞ നാളെ
ബംഗളൂരു: കര്‍ണാടക മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഹൈകമാൻഡുമായി നടക്കുന്ന ചര്‍ച്ചയില്‍ 24 പേരുടെ പട്ടികകൂടി അന്തിമ ഘട്ടത്തില്‍.
ആദ്യ ഘട്ടത്തില്‍ എട്ടു മന്ത്രിമാരെ തെരഞ്ഞെടുത്തിരുന്നു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 34 മന്ത്രിസ്ഥാനങ്ങളാണ് കര്‍ണാടക സര്‍ക്കാറിലുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ അന്തിമ പട്ടികയില്‍ തീരുമാനമായതായി അറിയുന്നു. തീരുമാനം വെള്ളിയാഴ്ച ഉച്ചക്ക് മുമ്ബായി പ്രഖ്യാപിക്കുമെന്നും ശനിയാഴ്ച രാവിലെ 11.45ന് ബംഗളൂരുവില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ മുമ്ബാകെ സത്യപ്രതിജ്ഞ നടക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഞായറാഴ്ചക്കുള്ളില്‍ മന്ത്രിമാരുടെ വകുപ്പുകളിലും തീരുമാനമാവും.
ബുധനാഴ്ച വൈകീട്ട് മുതല്‍ സിദ്ധരാമയ്യയും ശിവകുമാറും മന്ത്രി പട്ടിക സംബന്ധിച്ച് ഹൈകമാൻഡുമായി ചര്‍ച്ചയിലാണ്.മന്ത്രിസ്ഥാനത്തിന് സമ്മര്‍ദവുമായി 20 എം.എല്‍.എമാരും ഡല്‍ഹിയില്‍ തമ്ബടിച്ചിട്ടുണ്ട്. മുസ്ലിം പ്രതിനിധിയായി ബിദര്‍ നോര്‍ത്തില്‍നിന്നുള്ള റഹിം ഖാൻ മന്ത്രി പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് വിവരം. കഴിഞ്ഞ കോണ്‍ഗ്രസ്-ജെ.ഡി-എസ് സഖ്യസര്‍ക്കാറില്‍ യുവജന-കായിക മന്ത്രിയായിരുന്നു റഹിം ഖാൻ.
ആദ്യഘട്ട പട്ടികയില്‍ ബംഗളൂരു ചാമരാജ് പേട്ടില്‍നിന്നുള്ള സമീര്‍ അഹമ്മദ് ഖാൻ ഉള്‍പ്പെടുകയും യു.ടി. ഖാദറിനെ സ്പീക്കറാക്കുകയും ചെയ്തതോടെ മുസ്ലിം പ്രാതിനിധ്യത്തില്‍ മറ്റൊരു മന്ത്രിസ്ഥാനത്തിന് സാധ്യത വിരളമാണ്.ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസിലെത്തുകയും സൊറാബ സീറ്റില്‍ സഹോദരനും സിറ്റിങ് എം.എല്‍.എയുമായിരുന്ന കുമാര്‍ ബംഗാരപ്പയെ പരാജയപ്പെടുത്തുകയും ചെയ്ത മധു ബംഗാരപ്പ പട്ടികയിലുണ്ട്. ബംഗളൂരുവില്‍നിന്ന് കൃഷ്ണബൈരെ ഗൗഡ, ബൈരതി സുരേഷ് എന്നിവരും വനിത പ്രതിനിധിയായി ബെളഗാവിയില്‍നിന്നുള്ള ലക്ഷ്മി ഹെബ്ബാള്‍ക്കറും ഇടം പിടിച്ചു.
ഈശ്വര്‍ ഖണ്ഡ്രെ, എച്ച്.കെ. പാട്ടീല്‍, ഡി. സുധാകര്‍, പി.എം. നരേന്ദ്ര സ്വാമി, പുട്ടരംഗ ഷെട്ടി, കെ. വെങ്കടേശ്, മംഗാളു വൈദ്യ, ഡോ. എം.സി. സുധാകര്‍, ശിവലിംഗ ഗൗഡ, ശരണ്‍പ്രകാശ് പാട്ടീല്‍, ചലുവരായ സ്വാമി, എസ്.എസ്. മല്ലികാര്‍ജുൻ, ശരണ ബസപ്പ ഗൗഡ എന്നിവര്‍ക്ക് പുറമെ, അജയ്സിങ്, എച്ച്.സി. മഹോദേവപ്പ ശിവാനന്ദ് പാട്ടീല്‍ എന്നിവരുടെ പേരുകളും അവസാന റൗണ്ട് ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു.