ബെംഗളൂരു: മലയാളികളുടെ അടക്കം ഇഷ്ടയിടമായ ബെംഗളൂരുവിലെ റോഡുകളുടെ മോശം നിലവാരം ചൂണ്ടിക്കാട്ടിയുള്ള വാർത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്യാപകമാകുകയാണ്.കുഴികള്‍ നിറഞ്ഞ ബെംഗളൂരുവിലെ റോഡുകളിലൂടെയുള്ള യാത്രയും പാച്ച് വർക്ക് ചെയ്ത് കുഴിയടച്ച റോഡുകളിലൂടെയുള്ള യാത്രയും ദുഷ്കരമാണെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാർ രംഗത്തെത്തുന്നുണ്ട്. കുഴിയില്‍ ചാടി കാറിന് വൻതുകയുടെ പണി വേണ്ടിവന്നു എന്നടക്കം പോസ്റ്റുകളുണ്ട്. കർണാടകത്തിൻ്റെ തലസ്ഥാനമായ ബെംഗളൂരുവിലെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് നോക്കാം.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, ബെംഗളൂരു നഗരത്തിലെ പ്രധാന റോഡായ എംജി റോഡിൻ്റെ മോശം നിലവാരം വ്യക്തമാക്കുന്നു. ‘അവർ എംജി റോഡ് നശിപ്പിച്ചു’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച പോസ്റ്റില്‍ ഓട്ടോറിക്ഷയില്‍നിന്ന് പകർത്തിയ റോഡിൻ്റെ ചിത്രവും ഉണ്ട്. പാച്ച് വർക്ക് ചെയ്ത് റോഡിലെ കുഴികളടച്ചാണ് ചിത്രത്തിലുള്ളത്. ഇത്രയധികം പാച്ച് വർക്കുകള്‍ കാരണം സുഗമമായ യാത്ര ആസ്വദിക്കുക അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.പോസ്റ്റിന് താഴെ നിരവധി പേർ കമൻ്റ് ചെയ്തിട്ടുണ്ട്. എംജി റോഡിന്റെ അവസ്ഥ ഇതാണെങ്കില്‍, നമ്മുടെ അവസ്ഥ നാശമാകുമെന്ന് ഒരാള്‍ കമൻ്റ് ചെയ്തു. എംജി റോഡില്‍ കുഴികള്‍ക്ക് പകരം പാച്ച് വർക്ക് എങ്കിലും ഉണ്ടെന്ന് പറഞ്ഞ മറ്റൊരാള്‍ സർജാപൂർ റോഡിലൂടെ യാത്ര ചെയ്താല്‍ നിങ്ങള്‍ എംജി റോഡിനെ ഇഷ്ടപ്പെടാൻ തുടങ്ങുമെന്നും പറഞ്ഞു. ഭാര്യ ഗർഭിണിയായപ്പോള്‍ പതുക്കെ വാഹനമോടിക്കാനും കുണ്ടും കുഴിയും ഒഴിവാക്കാനും പറഞ്ഞപ്പോഴാണ് ഇവിടുത്തെ റോഡുകള്‍ എത്ര ഭയാനകമാണെന്ന് മനസ്സിലായതെന്ന് മറ്റൊരാള്‍ കുറിച്ചു.