Home Featured ടൊവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒടിടിയിലേക്ക്

ടൊവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒടിടിയിലേക്ക്

by admin

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച്‌ 8 മുതല്‍ ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീംമിംഗ് ആരംഭിക്കും.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറില്‍ ഡോള്‍വിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറില്‍ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഫെബ്രുവരി 9നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

ജിനു വി എബ്രാഹാമിന്റെതാണ് തിരക്കഥയും സംഭാഷണവും. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയില്‍ നിന്ന് മാറി അന്വേഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനെയാണ് ടൊവിനോ അവതരിപ്പിച്ചത്.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ആദ്യ മലയാള ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.

‘കല്‍ക്കി’, ‘എസ്ര’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പോലീസ് വേഷത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് അവതരിപ്പിച്ചത്.

ഇവരോടൊപ്പം എഴുപതോളം താരങ്ങളും പുതുമുഖ നായികമാരും അഭിനയിച്ചിട്ടുണ്ട്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ഈ ബിഗ് ബജറ്റ് ചിത്രം വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാരമാണ് സമ്മാനിക്കുന്നത്.

മാസ്സ് ഗെറ്റപ്പുകളൊന്നുമില്ലാതെ സാധാരണക്കാരനായ ഒരു പോലീസുകാരന്റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ് ഐ ആനന്ദ് എത്തുന്നത്.

ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കണ്‍ട്രോളർ: സഞ്ജു ജെ, വിഷ്വല്‍ പ്രൊമോഷൻ: സ്നേക്ക്പ്ലാന്റ്, പിആർഒ: ശബരി.

You may also like

error: Content is protected !!
Join Our WhatsApp Group