മൈസൂരു : നഗരത്തിൽ കുറ്റകൃത്യങ്ങൾ കൂടുന്നസാഹചര്യത്തിൽ ആന്റ്റി റൗഡി സ്ക്വാഡിന്റെ പ്രവർത്തനം വീണ്ടും സജീവമാക്കാൻ പോലീസ് തീരുമാനിച്ചു. നിയമവിരുദ്ധപ്രവർത്തനങ്ങൾ, വളർന്നുവരുന്ന റൗഡിസംഘം, കൊലപാതകങ്ങൾ, വ്യാജ അപകടങ്ങളുടെ മറവിൽ പിടിച്ചുപറി, കവർച്ച, ബലാത്സംഗം, റിയൽ എസ്റ്റേറ്റ് മാഫിയ പ്രവർത്തനം എന്നിവ തടയുന്നതിനാണ് സ്ക്വാഡ് വീണ്ടും സജീവമാക്കുന്നത്. സിറ്റി ക്രൈം ബ്രാഞ്ച് അസി. പോലീസ് കമ്മിഷണർ മുഹമ്മദ് ഷെരീഫ് റാവുത്തർ 26 അംഗ സ്ക്വാഡിനെ നയിക്കും.
തന്റെ ജന്മനാടായ മൈസൂരുവിൽ സമീപകാലങ്ങളിൽ കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശത്തെത്തുടർന്നാണ് സ്ക്വാഡിന്റെ പ്രവർത്തനം സജീവമാക്കുന്നത്. കഴിഞ്ഞയാഴ്ച നഗരത്തിലെ ദൊഡ്ഡക്കരെ മൈതാനത്തിന് സമീപം കാർ ഓടിച്ചുപോകുമ്പോൾ ആറോളംപേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അടുത്തദിവസം പത്തുവയസ്സുള്ള പെൺകുട്ടി ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഇതോടെ പോലീസും കൂടുതൽ പരിശോധനകളുമായി രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ കഴിഞ്ഞദിവസം മൈസൂരുവിലെത്തിയ മുഖ്യമന്ത്രി, ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കർണാടകയിൽത്തന്നെ ആദ്യമായി ആന്റി റൗഡി സ്ക്വാഡ് രൂപവത്കരിക്കുന്നത് മൈസൂരുവിലായിരുന്നു.1993-94 കാലത്ത് സിറ്റി പോലീസ് കമ്മിഷണർ എച്ച്.ആർ. കസ്തൂരിരംഗൻ്റെയും ഡിസിപി കേശവയ്യയുടെയും കാലത്താണ് ആദ്യമായി സ്ക്വാഡ് രൂപവത്കരിച്ചത്. എസിപി ബി.പി. ഉത്തപ്പയുടെ നേതൃത്വത്തിലുള്ള 19 അംഗമായിരുന്നു സംസ്ഥാനത്തെ ആദ്യ ആന്റി റൗഡി സ്ക്വാഡിലുണ്ടായിരുന്നത്. എന്നാൽ, 1998-ഓടെ സ്ക്വാഡിൻ്റെ പ്രവർത്തനം നിശ്ചലമാകുകയായിരുന്നു.