ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ച് ഒരാൾകൂടി മരിച്ചു. കവടിഗരഹട്ടി സ്വദേശി രഘു (27) ആണ് മരിച്ചത്. ഇതോടെ ഗ്രാമത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞദിവസം ഇതേ ഗ്രാമത്തിലെ മഞ്ജുള (23) ചികിത്സയിലിരിക്കേ മരിച്ചിരുന്നു.
ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് നിലവിൽ 78 പേർ ചികിത്സയിലുണ്ട്. ഇതിൽ 18 പേർ ജില്ലാ ആശുപത്രിയിലും 60 പേർ സ്വകാര്യ ആശുപത്രികളിലുമാണ്. ചികിത്സയിലുള്ള അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ബെംഗളൂരുവിൽവെച്ചാണ് രഘു മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് രഘു ബെംഗളൂരുവിലേക്ക് പോയത്. തുടർന്ന് ഛർദിയും വയറിളക്കവും ബാധിച്ച് മരിക്കുകയായിരുന്നു. അതേസമയം, ഗ്രാമത്തിലെ കുടിവെള്ള ടാങ്കിൽ സുരേഷ് എന്നയാൾ വിഷം കലക്കിയതാണെന്ന് ആരോപിച്ച് മഞ്ജുളയുടെ കുടുംബം രംഗത്തെത്തി.
സുരേഷിന്റെ മകൾ അടുത്തിടെ മഞ്ജുളയുടെ കുടുംബത്തിലെ യുവാവിനൊപ്പം വീടുവിട്ടുപോയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ വിഷം കലക്കിയതാണെന്നാണ് ആരോപണം.
കുടിവെള്ളത്തിന്റെയും ദേഹാസ്വാസ്ഥ്യമനുഭവപ്പെടുന്നവരുടെയും സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു.