Home Featured യാത്ര ചെയ്തത് ബസില്‍;സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണയുമായി അനില്‍ കുംബ്ലെ;

യാത്ര ചെയ്തത് ബസില്‍;സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണയുമായി അനില്‍ കുംബ്ലെ;

by admin

ബംഗളൂരു: സിദ്ധരാമയ്യ സര്‍ക്കാറിന്റെ ശക്തി പദ്ധതി തങ്ങള്‍ക്ക് പ്രതിസന്ധിയാണെന്ന് ആരോപിച്ച് ബന്ധ് നടത്തുകയാണ് ഫെഡറേഷന്‍ ഓഫ് കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍. ഞായറാഴ്ച അര്‍ധ രാത്രി ആരംഭിച്ച ബന്ദ് തിങ്കളാഴ്ച അര്‍ധ രാത്രിവരെ നീണ്ടുനില്‍ക്കും. ബംഗളൂരുവില്‍ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും ഇന്ന് സര്‍വീസ് നിര്‍ത്തിയിരുന്നു. ബന്ദിനെ തുടര്‍ന്ന് നഗരത്തിലെ ചില സ്വകാര്യ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധിയും പ്രഖ്യാപിച്ചു. 

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പ് നല്‍കുന്ന ശക്തി പദ്ധതി വരുമാനം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി യൂണിയനുകള്‍ ഓല, ഊബര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സികളുടെ പിന്തുണയോടെ ബംഗളുരുവില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതിനിടെ സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അനില്‍ കുംബ്ലെ. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് ബിഎംടിസിയുടെ വായുവജ്ര എന്ന എസി ബസ്സില്‍ സഞ്ചരിക്കുന്ന ചിത്രമാണ് കുംബ്ലെ പങ്കുവച്ചത്. പോസ്റ്റിന് കീഴെ, സര്‍ക്കാര്‍ ബസ്സില്‍ സഞ്ചരിച്ച അനില്‍ കുംബ്ലെക്ക് അഭിനന്ദനങ്ങളുമായി നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്.

നേരത്തെ, സ്വകാര്യ ഗതാഗത പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പണിമുടക്കിനിടെ നഗരത്തില്‍ പലയിടത്തും ടാക്‌സികള്‍ക്കും ഓട്ടോകള്‍ക്കുമെതിരെ നിരവധി അക്രമസംഭവങ്ങളും ഉണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി. മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സര്‍വീസുകള്‍ ഒരേസമയം ഫ്‌ലാഗ് ഓഫ് ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പദ്ധതി തങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന് സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. പ്രീമിയം അല്ലാത്ത സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി.

You may also like

error: Content is protected !!
Join Our WhatsApp Group