ചായ കൊടുത്തില്ലെന്ന കാരണത്തില്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയ പാതിയാക്കി ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി.
നവംബര്‍ നാലിന് നാഗ്പൂരിലെ മൗദ തഹസില്‍ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
തേജ്രംഗ് ഭലവി എന്ന ഡോക്ടറാണ് ശസ്ത്രക്രിയ പാതിവഴിയിലാക്കി ഇറങ്ങിപോയത്.
അന്നേദിവസം എട്ടെു സ്ത്രീകള്‍ക്ക് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. നാലു സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്തി.
മറ്റുള്ളവര്‍ക്ക് അനസ്‌തേഷ്യ നല്‍കുകയും ചെയ്ത ശേഷം ആശുപത്രി ജീവനക്കാരോട് ഡോക്ടര്‍ ഒരു കപ്പ് ചായ ചോദിച്ചു. എന്നാല്‍ ജീവനക്കാര്‍ ഇതു കേട്ടില്ല. രോഷാകുലനായ ഡോക്ടര്‍ തിയറ്ററില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു.
ഡോക്ടര്‍ പോയ ശേഷം ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടപ്പോള്‍ അനസ്‌തേഷ്യ നല്‍കിയ സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ മറ്റൊരു ഡോക്ടറെ അയക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
ചെന്നൈ തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പിലിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഒഡീഷയില്‍നിന്നെത്തിയ എണ്ണക്കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിയാണ് അപകടമുണ്ടായത്. ചികിത്സയിലുള് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ അറ്റകുറ്റപ്പണിക്കിടെയാണ് എണ്ണക്കപ്പലില്‍ പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈനോട് ചേര്‍ന്ന ഭാഗത്തെ ബോള്‍ട്ട് അഴിച്ചുമാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒക്ടോബര്‍ 31ന് ഒഡീഷയില്‍ നിന്നാണ് കപ്പല്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈ തുറമുഖത്ത് എത്തിയത്.