Home Featured അവധി ആഘോഷിക്കാനെത്തി, കനത്ത മഴയില്‍ ഉണ്ടായ വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍ പെട്ട് അഞ്ച് മരണം, 2 പേര്‍ രക്ഷപ്പെട്ടു

അവധി ആഘോഷിക്കാനെത്തി, കനത്ത മഴയില്‍ ഉണ്ടായ വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍ പെട്ട് അഞ്ച് മരണം, 2 പേര്‍ രക്ഷപ്പെട്ടു

by admin

മുംബൈ: ലോണാവാലയില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഏഴംഗ കുടുംബം ഒലിച്ചു പോയി. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തില്‍ കുടുംബം ഒലിച്ചുപോവുകയായിരുന്നു.

പുനെ സ്വദേശികളായ ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി (13), ഉമേര അന്‍സാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്നാന്‍ അന്‍സാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗര്‍ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്.

80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. നിരവധി വിനോദസഞ്ചാരികള്‍ ഈ സമയം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ ഇവര്‍ എല്ലാവരും ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ഡാമില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ധിച്ചത് പെട്ടെന്നായിരുന്നു. രക്ഷപ്പെടാനായി വെള്ളച്ചാടത്തിന് നടുവിലെ പാറയില്‍ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വര്‍ധിച്ചതോടെ പാറയും മുങ്ങി. അതോടെ എല്ലാവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയതെന്നാണ് വിവരം. ലോണാവാല പോലീസും എമര്‍ജന്‍സി സര്‍വീസുകളും മുങ്ങല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാണാതായ കുട്ടികളെ കണ്ടെത്താന്‍ തിങ്കളാഴ്ചയും തിരച്ചില്‍ തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group