ബെംഗളൂരു: അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ കമ്പനിയായ ഫിഗ്മ ബെംഗളൂരുവില്‍ ആദ്യത്തെ ഓഫീസ് തുറന്നു. ആഗോള തലത്തില്‍ ഫിഗ്മയുടെ ഉപയോക്താക്കളുടെ കാര്യത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്‍ജിനീയര്‍മാര്‍ക്ക് നിരവധി അവസരങ്ങളുമായാണ് ഫിഗ്മ ബെംഗളൂരുവില്‍ ആരംഭിച്ചത്. കമ്പനി ഇതിനോടകം ഇന്ത്യന്‍ ടീമിനായുള്ള റിക്രൂട്ട്‌മെന്റും ആരംഭിച്ചു. നിലവില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, എന്‍ജിനീയറിംഗ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര, ടി.സി.എസ്., എയര്‍ടെല്‍, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ബി.എസ്.ഇ. 100-ലെ മുന്‍നിര കമ്പനികളില്‍ 40 ശതമാനത്തിലധികം പേര്‍ ഫിഗ്മയുടെ ഉപഭോക്താക്കളാണ്.
ഇന്ത്യയുടെ ഐടി കമ്പനികള്‍ക്ക് അനൂകുലമായി വളര്‍ന്ന വരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും മികച്ച ഡിസൈനര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും സാന്നിധ്യവും കണക്കിലെടുത്താണ് ഫിഗ്മ ബെംഗളൂരുവില്‍ ഓഫീസ് തുറന്നത്.2012ല്‍ ഡിലാന്‍ ഫീല്‍ഡും ഇവാന്‍ വാലസും ചേര്‍ന്നാണ് ഫിഗ്മ കമ്പനി സ്ഥാപിച്ചത്. ഫിഗ്മയുടെ ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലുള്ള വരുമാനം 38 ശതമാനം ഉയര്‍ന്ന് 274.2 മില്യണ്‍ ഡോളറിലെത്തി. ഇന്ത്യയിലെ 28 ഔദ്യോഗിക സംസ്ഥാനങ്ങളില്‍ 85 ശതമാനത്തിലും ഫിഗ്മയുടെ സാന്നിധ്യമുണ്ട്, വിവിധതരം സ്റ്റാര്‍ട്ടപ്പുകള്‍, ടെക് കമ്പനികള്‍, എന്റര്‍പ്രൈസ് ക്ലയന്റുകള്‍ എന്നിവരെ ഇത് സഹായിക്കുന്നു.