രാജ്യത്തെ മുന്‍നിര വ്യവസായികളായ അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്.ഈ മാസം അവസാനം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും അദാനി ഗ്രൂപ്പ് നേരിട്ട് ഏറ്റുമുട്ടുന്നതിനുള്ള കളമാണ് ഇതോടെ ഒരുങ്ങുക.ഈ മാസം ഇരുപത്തിയാറിനു നടക്കുന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു.
നാലു കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചതായാണ് സൂചനകള്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നാലാമത്തെ കമ്പനി അദാനി ഗ്രൂപ്പ് ആണെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതായി അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല.ലേലത്തില്‍ പങ്കെടുക്കുന്നത് ആരൊക്കെയെന്ന വിവരങ്ങള്‍ ജുലൈ 12ന് ടെലികോം വകുപ്പ് പുറത്തുവിടും.അദാനി ഗ്രൂപ്പ് ടെലികോം ബിസിനസിലേക്കു ചുവടുവയ്ക്കുന്ന പക്ഷം അംബാനിയുമായി നേരിട്ടുള്ള മത്സരത്തിനായിരിക്കും തുടക്കമിടുക.
ഗുജറാത്തില്‍നിന്നുള്ള ഈ ബിസിനസ് ഭീമന്മാര് നിലവില്‍ ഒരു രംഗത്തും നേരിട്ട് ഏറ്റുമുട്ടുന്നില്ല.എണ്ണ, പെട്രോകെമിക്കല്‍ മുതല്‍ ടെലികോം, റീട്ടെയ്ല്‍ വരെ നീളുന്നതാണ് അംബാനി സാമ്രാജ്യം.അദാനിയാവട്ടെ, തുറമുഖങ്ങള്‍, കല്‍ക്കരി, ഊര്‍ജ വിതരണം, ഏവിയേഷന്‍ എന്നിവയിലാണ് ശ്രദ്ധ ഊന്നുന്നത്.