ദില്ലി: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസായ ‘ആമസോൺ എയർ’ ആരംഭിച്ചു. ആമസോണിന്റെ പ്രധാന വിപണികളിലൊന്നായ വിദ്യയിൽ ഡെലിവറി വിപുലീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് കാർഗോ ഫ്ലീറ്റായ ‘ആമസോൺ എയർ’ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതോടെ യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയായി ഇന്ത്യ മാറി.
ബംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്‌ജെറ്റ് കാർഗോ എയർലൈൻ പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്താണ് ആമസോൺ ഈ സീവനമൊരുക്കുന്നത്. ബോയിംഗ് 737-800 വിമാനങ്ങൾഉപയോഗിച്ച് ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുമെന്ന് ആമസോൺ അറിയിച്ചു.
നിലവിൽ രണ്ട് വിമാനങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നതെന്നും ഓരോന്നിനും 20,000 യൂണിറ്റ് കയറ്റുമതി ചെയ്യാൻ കഴിയുമെന്നും കമ്പനിയുടെ കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് അഖിൽ സക്‌സേന പറഞ്ഞു. മൂന്നാം കക്ഷി കാരിയറുമായി സഹകരിക്കുന്നത് അതിവേഗ ഡെലിവെറിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി മാറിയിരിക്കുകയാണ് ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 ശതമാനം ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന നിലയിൽ ആമസോൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോർട്ട്.
ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ “ഗ്ലോബൽ 500 2023” റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ മൂല്യവത്തായ ബ്രാൻഡുകളിൽ ആമസോൺ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അതിന്റെ റേറ്റിംഗ് AAA + ൽ നിന്ന് AAA ലേക്ക് താഴ്ന്നു. ബ്രാൻഡ് മൂല്യം ഈ വർഷം 50 ബില്യൺ ഡോളറിലധികം ഇടിഞ്ഞു. ആമസോണിലെ ഉപഭോക്തൃ സേവനത്തെക്കുറിച്ചുള്ള അഭിപ്രായം ഇടിഞ്ഞതായി ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട് ചൂണ്ടിക്കാട്ടി.
ഡെലിവറി സമയം കൂടിയത് ഉപഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. അതിനാൽ ഇത് പരിഹരിക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്.
‘ഒരു വോട്ടിന് 6000 രൂപ’; വോട്ടിന് പണം വാഗ്ദാനം ചെയ്‌ത് വെട്ടിലായി ബിജെപി നേതാവ്
ബംഗളുരു: ബിജെപിക്ക് വോട്ട് ചെയ്യുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്‌ത് കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളി.
ബിജെപിക്ക് വോട്ട് ചെയ്‌താല്‍ ആളൊന്നിന് ആറായിരം രൂപ വച്ച് തരാമെന്നാണ് ജാര്‍ക്കിഹോളിയുടെ വിവാദ പരാമര്‍ശം. സംഭവത്തില്‍ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചില്ല.
ബെലഗാവി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആളുകള്‍ക്ക് ഇപ്പോഴേ സമ്മാനങ്ങള്‍ നല്‍കി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നും ആ വോട്ട് ഞങ്ങള്‍ക്ക് ചെയ്താല്‍ ആളൊന്നിന് ആറായിരം രൂപ വെച്ച് തരാമെന്നായിരുന്നു വാഗ്ദാനം.
വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി പാര്‍ട്ടി നേതൃത്വം ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേയെന്നാണാണ് ബെലഗാവി റൂറല്‍ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ ചോദ്യം. ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ക്കിഹോളിയുടെ പ്രസ്താവന കാണുന്നുണ്ട്. മുഖ്യമന്ത്രിയടക്കം ബിജെപി പാര്‍ട്ടി നേതൃത്വവും ഇത് കാണുന്നുണ്ട്. അവര്‍ തീരുമാനിക്കട്ടെ നടപടിയെന്നും ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പ്രതികരിച്ചു.
ഓപ്പറേഷന്‍ താമരയുടെ ഭാഗമായി ബിജെപിയിലേക്ക് കാലുമാറിയവരില്‍ പ്രമുഖനാണ് രമേശ് ജാര്‍ക്കിഹോളി. കൂറുമാറ്റത്തിന്റെ ഭാഗമായി ജാര്‍ക്കിഹോളിക്ക് ബിജെപി മന്ത്രിസ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഒരു അശ്ലീല വീഡിയോ സിഡി വിവാദത്തെ തുടര്‍ന്ന് ജാര്‍ക്കിഹോളി രാജിവെച്ചിരുന്നു.