തിയേറ്റർ ഉടമകളാണ് തന്റെ ആരോഗ്യം തകർത്തതെന്ന പ്രതികരണവുമായി എഡിറ്ററും സംവിധായകനുമായ അൽഫോൺസ് പുത്രൻ. ഇനി മുതൽ തിയേറ്റർ സിനിമകൾ ചെയ്യില്ലെന്ന തീരുമാനം നേരത്തെ അൽഫോൺസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം മാറ്റിയോ എന്ന് ചോദിച്ച ആരാധകനോടാണ് രൂക്ഷമായി അൽഫോൺസ് പുത്രൻ പ്രതികരിച്ചത്.
തന്റെ കണ്ണുനീരിനു കാരണം തിയറ്റർ ഉടമകളാണെന്നും തന്നെപ്പോലെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ ഇവർ കാരണം ഇവിടെ വീണിട്ടുണ്ടെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. തന്റെ ഏതെങ്കിലും പടം തിയേറ്ററുകാരൻ പ്രമോട്ട് ചെയ്‌തോ എന്നും, എന്തിനാണ് ഇവർക്കായി സിനിമ ചെയ്യുന്നത് എന്നുമാണ് അൽഫോൺസ് പുത്രൻ ചോദിക്കുന്നത്. തന്റെ ആരോഗ്യം മോശമാക്കിയത് ഈ വിഡ്ഢികളാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇൻസ്റ്റഗ്രാമിൽ സംവിധായകൻ തന്റെ സുഹൃത്തുക്കളായ കാർത്തിക് സുബ്ബരാജ്, ബോബി സിൻഹ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇതിനു താഴെ കമന്റുമായി എത്തിയ പ്രേക്ഷകർക്കാണ് ഇപ്പോൾ സംവിധായകൻ മറുപടി നൽകിയിരിക്കുന്നത്.