ബെംഗളൂരു : ആനേക്കൽ ചന്ദാപുര തടാകത്തിലെ മലിനീകരണത്തെ തുടർന്ന് ജലം പതഞ്ഞുപൊങ്ങി. തടാകത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നേരത്തേ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം നൽകിയിരുന്നു. അതേസമയം, സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
.തടാകത്തിനു സമീപം ബെംഗളൂരു വികസന അതോറിറ്റി സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. തടാകത്തിലെ മലിനീകരണം നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ 500 കോടി രൂപ പിഴ അടയ്ക്കണമെന്ന് 2023 ഒക്ടോബറിൽ ട്രൈബ്യൂണൽ വിധിച്ചിരുന്നു.
ജലശുദ്ധീകരണത്തിൽ വീഴ്ച: ബിബിഎംപിക്കെതിരെ കേസ്:,15 തടാകങ്ങളിലെ ജലം ശുദ്ധീകരിക്കാൻ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ബിബിഎംപിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. ഇവിടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന കണ്ടെത്തിയതിനു പിന്നാലെയാണിത്.കഴിഞ്ഞ 3 വർഷത്തിനിടെ പലവട്ടം തടാകങ്ങളിലെ ജലം മലിനമാണെന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ ബിബിഎംപിക്കു കഴിഞ്ഞിട്ടില്ല. ബിബിഎംപിയോടും പരിസ്ഥിതി വകുപ്പിനോടും വിശദീകരണം അറിയിക്കാനും ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്